മനാമ: ഇന്ത്യന്‍ സ്‌കൂള്‍ റിഫ കാമ്പസ് വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. കോവിഡ്19 ലോക്ക്ഡൗണ്‍ കാരണം വീടിനുള്ളില്‍ സുരക്ഷിതരായിരിക്കെ ഓണ്‍ലൈന്‍ മീഡിയിലൂടെ പെയിന്റിംഗ്, ഉപന്യാസ രചന തുടങ്ങിയ പരിപാടികളില്‍ അവര്‍ പങ്കെടുത്തു. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും പ്രാധാന്യം സൂചിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി വിദ്യാര്‍ത്ഥികളുടെ അവബോധവും പ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതിയും സുസ്ഥിര ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന പ്രശ്‌നങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുകയുമാണ് ആഘോഷങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ പറഞ്ഞു.

പരിസ്ഥിതിയോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ അര്‍ത്ഥവത്തായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഈ കാലഘട്ടത്തില്‍ ഏറെ പ്രാധാന്യമുള്ളതാണെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ സന്ദേശത്തില്‍ പറഞ്ഞു. നമ്മുടെ ചുറ്റുപാടുകളെ നന്നായി പരിപാലിക്കണം എന്ന ഓര്‍മ്മപ്പെടുത്തലാണ് ലോക പരിസ്ഥിതി ദിനമെന്നു സ്‌കൂള്‍ സെക്രട്ടറി സജി ആന്റണി പറഞ്ഞു. മനോഹരമായ ഭൂമിയെ രക്ഷിക്കാന്‍ നാം കൈകോര്‍ക്കണമെന്നു ആരോഗ്യ പരിസ്ഥിതി ചുമതലയുള്ള ഇ സി അംഗം വി അജയകൃഷ്ണന്‍ പറഞ്ഞു.