മനാമ : പ്രതിസന്ധികളെ മറികടന്ന് വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുന്ന ബഹ്റൈന്‍ മറ്റുരാജ്യങ്ങള്‍ക്കു മാതൃകയാണെന്ന് പ്രമുഖ വ്യവസായിയും ആര്‍.പി ഗ്രൂപ്പ് ചെയര്‍മാനുമായ പദ്മശ്രീ ഡോ. രവി പിള്ള. കോവിഡ് വ്യാപനത്തില്‍ വികസിത രാജ്യങ്ങളെല്ലാം പകച്ചു നിന്നപ്പോഴും ഒരു ലോക്ക്ഡൗണ്‍ പോലുമില്ലാതെ രോഗവ്യാപനത്തെ മറികടന്ന രാജ്യമാണ് ബഹ്റൈന്‍. കോവിഡ് പ്രതിരോധ വാക്സിന്‍ രാജ്യത്തെ പൗരന്മാര്‍ക്കും വിദേശീയര്‍ക്കും സൗജന്യമായി നല്‍കാനുള്ള ഹമദ് രാജാവിന്റെ തീരുമാനം എത്രയോ അഭിനന്ദനാര്‍ഹമാണ്.
രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ഹമദ് അല്‍ ഖലീഫയുടെയും ഭരണ സാരഥ്യത്തില്‍ ജനങ്ങള്‍ സന്തുഷ്ടരാണ്.
ബഹ്റൈന്‍ ഭരണകര്‍ത്താക്കളുടെ പിന്തുണയും സഹകരണവുമാണ് വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതെന്ന് ഡോ. രവി പിള്ളപറഞ്ഞു. നിക്ഷേപ സൗഹൃദ രാജ്യമാണ് ബഹ്റൈന്‍ എന്ന് തനിക്കു അനുഭവമുള്ളതാണ്. ലക്ഷക്കണക്കിന് പ്രവാസികള്‍ ബഹ്റൈനില്‍ വര്‍ഷങ്ങളോളം അധിവസിക്കുന്നതും രാജ്യത്തിന്റെ വിദേശീയരോടുള്ള സൗഹാര്‍ദ സമീപനമാണ്.
കോവിഡ് മഹാമാരിയിലും രാജ്യത്തെ പൗരന്മാരെയും പ്രവാസികളെയും ചേര്‍ത്തുപിടിച്ച് സംരക്ഷിക്കുന്ന നിലപാടാണ് ബഹ്റൈന്‍ നടത്തുന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ ജല, വൈദ്യുതി ബില്ലുകളിലും വിസ ഫീസിലും മറ്റും നിരവധി ഇളവുകളാണ് വിദേശീയര്‍ക്കു രാജ്യം നല്‍കിയിട്ടുള്ളത്. ബഹ്റൈന്റെ സാമ്പത്തിക വളര്‍ച്ച നില നിര്‍ത്തുന്നതുള്‍പ്പെടെ രാജ്യത്തിന്റെ ഓരോ വളര്‍ച്ചയിലും വിദേശികളുടെ പങ്ക് പ്രശംസാവഹമാണ്. നിക്ഷേപകര്‍ക്കായി നിരവധി അവസരങ്ങളാണു രാജ്യം നല്‍കുന്നത്. നിക്ഷേപകര്‍ക്ക് അനുകൂലമായ നയങ്ങളും വ്യവസ്ഥകളും രാജ്യം തുടരുന്നത് പ്രോത്സാഹനജനകമാണ്.