മനാമ: വിദേശത്തു നിന്നും അവധിക്കു നാട്ടില്‍ വരുന്ന പ്രവാസികള്‍ യാത്ര തുടങ്ങുന്ന രാജ്യത്തു നിന്നും 72 മണിക്കൂറിനകം ടെസ്റ്റ് ചെയുന്ന കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കും, ഇറങ്ങുന്ന വിമാനത്താവളങ്ങളില്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീന്‍ ആവശ്യമില്ല എന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് കേരളം ഉടന്‍  നടപ്പിലാക്കണമെന്ന് ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം ആവശ്യപ്പെട്ടു.

കുട്ടികളുടെ വിദ്യാഭാസം, രോഗികളായിട്ടുള്ളവരുടെ ചികിത്സ, മാതാപിതാക്കളുടെ മരണം എന്നി അടിയന്തര ഘട്ടങ്ങളില്‍ ഹ്രസ്വ അവധിക്കു നാട്ടില്‍ വരുന്നവര്‍ക്ക് ആശ്വാസകരമായ ഈ ഉത്തരവ് കേരളാ സര്‍ക്കാര്‍ നടപ്പിലാക്കാത്തത് പ്രവാസികളോടുള്ള സര്‍ക്കാരിന്റെ തികഞ്ഞ അവഗണനയാണ്. രോഗ ഭീഷണിയാലും തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യതകള്‍ മൂലവും മനസികസംഘര്‍ഷത്തിലൂടെ കടന്നു പോകുന്ന പ്രവാസികള്‍ക്ക് ആശ്വാസകരമായ ഈ ഉത്തരവ് നടപ്പിലാക്കാത്ത ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടിക്കെതിരെ ഒഐസിസി ശക്തമായ പ്രതിഷേധം അറിയിച്ചു. പ്രസ്തുത ഉത്തരവ് എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായും രാജു കല്ലുംപുറം അറിയിച്ചു.