മനാമ: ബഹ്റൈനിലെ പുരോഗമന സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ പ്രതിഭയുടെ പ്രഥമ നാടക അവാര്‍ഡിനായുള്ള സൃഷ്ടികള്‍ അയക്കുവാനുള്ള അവസാന തീയതി 2021 സെപ്റ്റംബര്‍ 15 ആണെന്ന് സംഘാടകര്‍ അറിയിച്ചു. മികച്ച പ്രതികരണമാണ് നാടകരചയിതാക്കളില്‍ നിന്നും ലഭിക്കുന്നത്. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിക്കുക. ഇരുപത്തയ്യായിരം രൂപയുടെ ക്യാഷ് അവാര്‍ഡും, ഫലകവും, കീര്‍ത്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇന്ത്യയിലെ നാടകരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജൂറിയാണ് രചനകള്‍ തിരഞ്ഞെടുക്കുക. പുരോഗമനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന, ഒരു മണിക്കൂര്‍ വരെ അവതരണ ദൈര്‍ഘ്യം വരാവുന്ന, 2019 ജനുവരി 1 ന് ശേഷം പ്രസിദ്ധീകരിച്ചതും, പ്രസിദ്ധീകരിക്കാത്തതും മൗലികവുമായുള്ള മലയാള നാടക രചനകളായിരിക്കും പുരസ്‌കാരത്തിനായി പരിഗണിക്കുക. bpdramaawards@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് പി.ഡി.എഫ്. ഫോര്‍മാറ്റില്‍ ആണ് അയക്കേണ്ടത്.

നാടക രചനയില്‍ രചയിതാവിന്റെ പേരോ അതുമായി ബന്ധപ്പെട്ട സൂചനകളോ ഉണ്ടാകാന്‍ പാടുള്ളതല്ല. രചയിതാവിന്റെ വ്യക്തി വിവരങ്ങളും മറ്റും (പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍) നാടക രചനയോടൊപ്പം പ്രത്യേകം അനുബന്ധമായി അയക്കേണ്ടതാണെന്നും ഭാരവാഹികള്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.