മനാമ: വികസന മുരടിപ്പ് കൊണ്ട് നാടിനെ പിന്നോട്ടു നയിച്ച സാഹചര്യത്തില്‍നിന്നും സമഗ്രമായ ഒരു മാറ്റമാണ് കേരളം ആഗ്രഹിക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി 'മണ്ഡലങ്ങളിലൂടെ' എന്ന പേരില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാടിന്റെ നന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന യു.ഡി.എഫിന്റെ പ്രകടന പത്രിക ഏവര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്. ന്യായ് പദ്ധതി, ബില്ലില്ലാത്ത ആശുപത്രികള്‍, മറ്റ് ആരോഗ്യ സുരക്ഷ പദ്ധതികള്‍ തുടങ്ങി എല്ലാ മേഖലയിലും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതികളാണ് യു.ഡി.എഫ്  മുന്നോട്ടുവയ്ക്കുന്നത്. 

നമ്മുടെ നാട്ടിലെ സൗഹാര്‍ദതയും സഹിഷ്ണുതയും കാത്തുസൂക്ഷിക്കുന്നതിന് വേണ്ടിയാണ് നിലകൊണ്ടിട്ടുള്ളത്. ബി.ജെ.പിയും എല്‍.ഡി.എഫും വര്‍ഗീയ-സാമുദായിക ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരേ ശക്തമായ പോരാട്ടം നയിക്കുന്നത് യു.ഡി.എഫാണ്. നേമത്ത് സമുന്നത നേതാവായ മുരളീധരനെ മത്സരിപ്പിക്കുന്നത് തന്നെ പകര്‍ന്നുനല്‍കുന്നത് ഈ സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസികള്‍ക്ക് വേണ്ടി സ്വരൂപിച്ച പണം പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി ചെലവഴിക്കാതെ മറ്റൊരു രീതിയില്‍ ചെലവഴിച്ച് രാഷ്ട്രീയലാഭം കൊയ്യുകയാണ് സി.പി.എം. ഇതിനെതിരേയുള്ള ശക്തമായ തിരിച്ചടി നമ്മുടെ സമ്മതിദാനാവകാശത്തിലൂടെ നല്‍കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

സംഗമത്തില്‍ കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ സ്വാഗതം പറഞ്ഞു. ഫിറോസ് കല്ലായി 'മണ്ഡലങ്ങളിലൂടെ' അവതരണം നിര്‍വഹിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ മുസ്ലിം ലീഗ് മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനര്‍ത്ഥികള്‍ പങ്കെടുത്ത് സംസാരിച്ചു. ഹബീബ് റഹ്മാന്‍, എസ്.വി ജലീല്‍, എം.എ റഹ്മാന്‍, എ.പി ഫൈസല്‍, ഗഫൂര്‍ കയ്പമംഗലം എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. കെ.പി മുസ്തഫ നന്ദി പറഞ്ഞു. മുനീര്‍, ഇര്‍ഷാദ്, ആഷിഖ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ഓരോ മണ്ഡലത്തെ പ്രതിനിധീകരിച്ച് അതാത് കെ.എം.സി.സി ബഹ്റൈന്‍ ജില്ലാ കമ്മിറ്റി പ്രതിനിധികളും കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന നേതാക്കളും പങ്കെടുത്തു.