മനാമ: സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച സ്ഥാപനമായ ബ്ലൂംബ്ലൂം, ബഹ്‌റൈനിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പെര്‍ഫോര്‍മിംഗ് ആര്‍ട്‌സിന്റെ സഹകരണത്തോടെ 5 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കുവേണ്ടി 'ബി-ക്യാമ്പ്' എന്ന പേരില്‍ 21 ദിവസം നീണ്ട് നില്‍ക്കുന്ന ഓണ്‍ലൈന്‍ സമ്മര്‍ ക്യാമ്പ് നടത്തുന്നു. വെക്കേഷന്‍ സമയം ഫലപ്രദമായി വിനിയോഗിക്കുന്നതിനോടൊപ്പം കുട്ടികളെ തങ്ങളുടെ കഴിവുകള്‍ സ്വയം മനസ്സിലാക്കി പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയും താല്‍പര്യവും ഉള്ളവരാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ക്യാമ്പിന്റെ പരിശീലന പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പ്രതിസന്ധികളെ സധൈര്യം അഭിമുഖീകരിച്ചുകൊണ്ട്, ഉയര്‍ന്ന പൗരബോധവും വിദ്യാഭ്യാസ കാഴ്ചപ്പാടും ഭാവിയെക്കുറിച്ച് പ്രതീക്ഷയുമുഉള്ള പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന കര്‍മപദ്ധതിയുടെ ഭാഗമായിട്ടാണ് ബി-ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

ജൂലൈ 25 മുതല്‍ 21 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ തികച്ചും വ്യത്യസ്തങ്ങളായ 21 വിഷയങ്ങളെക്കുറിച്ച് പ്രശസ്തരും പ്രഗത്ഭരുമായ വിദ്യാഭ്യാസ വിദഗ്ദ്ധര്‍, ശാസ്ത്രജ്ഞന്‍മാര്‍, സിഇഒമാര്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയ 21 വ്യക്തികള്‍ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും. ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെയും ഉള്‍കാഴ്ചയുടെയും ഒരു പുതിയ ലോകം തുറക്കപ്പെടുമെന്നും തങ്ങളുടെ യഥാര്‍ത്ഥ കഴിവുകളും താല്പര്യങ്ങളും ഏതു വഴിയിലേക്കാണ് തിരിച്ചുവിടേണ്ടത് എന്നതിനെപറ്റി വ്യക്തമായ ധാരണ കൈവരുമെന്നും സംഘാടകര്‍ അഭിപ്രായപെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 38980680, 34165818 എന്നീ നമ്പരുകരില്‍ ബന്ധപ്പെടണമെന്ന് ഐ.ഐ.പി.എ. ഭാരവാഹികളായ അമ്പിളിക്കുട്ടന്‍, ഡോ. നിധി എസ് മേനോന്‍ എന്നിവര്‍ അറിയിച്ചു.