മനാമ : കോവിഡ് മൂലം ലോകം പ്രതിസന്ധി നേരിട്ടപ്പോള്‍ ഒഐസിസി അടക്കമുള്ള പ്രവാസിസംഘടനകള്‍ പ്രവാസ ലോകത്തും, നാട്ടിലും ചെയ്ത പ്രവര്‍ത്തനങ്ങള്‍ അഭിനന്ദന്ദനീയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ബഹ്റൈനിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ആയിരുന്ന സാം സാമുവേലിന്റെ കുടുംബ സഹായ നിധിയിലേക്ക് ഒഐസിസി ദേശീയ കമ്മറ്റി സ്വരൂപിച്ച തുക അടൂരില്‍ നടന്ന യോഗത്തില്‍ വച്ച് സാം സാമൂവേലിന്റെ മകള്‍ക്ക് കൈമാറിയ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. കോവിഡ് രൂക്ഷമായിരുന്ന സമയങ്ങളില്‍ ബഹ്റൈനിലെ പ്രവാസികള്‍ക്ക് ഭക്ഷണ കിറ്റും, മരുന്നുകളും വിതരണം ചെയ്തു ആളുകളെ സഹായിക്കാന്‍ എപ്പോഴും സാം മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. തന്റെ ആരോഗ്യം നോക്കാതെ മറ്റുള്ളവരെ സഹായിക്കുന്ന മനസ്സ് ആയിരുന്നു സാമിന്റേത്. പ്രവാസി സംഘടനകള്‍ എല്ലാം ഒരേ മനസ്സോടെയാണ് പ്രവര്‍ത്തിച്ചത്. ജോലി നഷ്ടപെട്ട ആളുകളെ സഹായിക്കുവാനും, ഭക്ഷ്യ കിറ്റുകള്‍, അത്യാവശ്യ മരുന്നുകള്‍ വിതരണം ചെയ്യുക തുടങ്ങി നാട്ടിലേക്ക് പോകാന്‍ ബുദ്ധിമുട്ട് അനുഭവിച്ച ആളുകള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ക്രമീകരിച്ചും, സൗജന്യ യാത്രാ ടിക്കറ്റുകള്‍ നല്‍കിയും സര്‍ക്കാരുകള്‍ക്ക് പോലും ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങളാണ് പ്രവാസി സംഘടനകള്‍ ചെയ്തത് എന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.
ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം അധ്യക്ഷത വഹിച്ചു. ഒഐസിസി ജനറല്‍ സെക്രട്ടറി ബോബി പാറയില്‍ സ്വാഗതം ആശംസിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, പത്തനംതിട്ട ഡി സി സി പ്രസിഡന്റ് ബാബു ജോര്‍ജ്, ഒഐസിസി ഗ്ലോബല്‍ സെക്രട്ടറിമാരായ കെ. സി ഫിലിപ്പ്, ചന്ദ്രന്‍ കല്ലട, ഡി സി സി ജനറല്‍ സെക്രട്ടറി ഏഴംകുളം അജു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മണ്ണടി പരമേശ്വരന്‍, ഗ്രാമ പഞ്ചായത്ത് മെമ്പറും മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ മറിയാമ്മ തരകന്‍, മോഹന്‍കുമാര്‍ നൂറനാട് എന്നിവര്‍ പ്രസംഗിച്ചു ഷാജി തങ്കച്ചന്‍ നന്ദി രേഖപ്പെടുത്തി. ഒഐസിസി നേതാക്കളായ ഷാജി പുതുപ്പള്ളി, തോമസ് കാട്ടുപറമ്പില്‍, പ്രഭകുമാര്‍, രാധാകൃഷ്ണന്‍ ചൂരക്കോട്, റെജി അടൂര്‍, ജിജോ ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.