മനാമ: പുതുതായി ചുമതല ഏറ്റെടുത്ത കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി യെ ഒഐസിസി, ഇന്‍കാസ് നേതാക്കള്‍ സന്ദര്‍ശിച്ച് ആശംസകള്‍ അറിയിച്ചു. ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം ഹാരാര്‍പ്പണം നടത്തി. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഒഐസിസി, ഇന്‍കാസ് നേതാക്കന്മാരായ ഗ്ലോബല്‍ വൈസ് പ്രസിഡന്റ്  അഹമ്മദ് പുളിക്കല്‍, ദുബായ് ദേശീയ പ്രസിഡന്റ് മഹാദേവന്‍ വാഴശേരി, ജിദ്ദ റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീര്‍, ദമ്മാം റീജണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, ഒഐസിസി ഗ്ലോബല്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ശങ്കരപിള്ള കുമ്പളത്ത്, ഗ്ലോബല്‍ സെക്രട്ടറി ചന്ദ്രന്‍ കല്ലട എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. പുതിയ കെപിസിസി പ്രസിഡന്റിന്റെ നിയമനത്തില്‍ എഐസിസിയെ അഭിനന്ദിക്കുന്നതായും പ്രവാസി സംഘടനയായ ഒഐസിസി, ഇന്‍കാസ് ന്റെ പൂര്‍ണ്ണ പിന്തുണയും നേതാക്കള്‍ പുതിയ കെ പി സി സി പ്രസിഡന്റിനെ അറിയിക്കുകയും ചെയ്തു.