മനാമ : കാസര്‍ഗോഡ് ജില്ലയിലെ പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ശരത് ലാല്‍, കൃപേഷ് എന്നിവരെ നിഷ്ട്ടൂരമായി കൊല ചെയ്ത പാര്‍ട്ടി അണികളെയും നേതാക്കളെയും സംരക്ഷിക്കുന്നതിന് വേണ്ടി കേസ് അട്ടിമറിക്കുന്നതിന് ശ്രമിക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിക്കുകയും, സത്യസന്ധമായി കേസ് അന്വേഷിക്കുന്നതിന് വേണ്ടി സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കൊല്ലപ്പെട്ട നേതാക്കളുടെ കുടുംബവും, കോണ്‍ഗ്രസ് നേതൃത്വവും നടത്തിയ നിയമ പോരാട്ടങ്ങള്‍ വിജയിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ ആളുകളെ ബഹ്റൈന്‍ ഒഐസിസി ദേശീയ കമ്മറ്റി അഭിനന്ദിച്ചു.
ഇടതു പക്ഷ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അനേകം നിരപരാധികളായ മറ്റ് രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ആളുകളെ കൊലപ്പെടുത്തുവാനും, അതിന് നേതൃത്വം നല്‍കിയവരെയും, ഒത്താശ ചെയ്തു കൊടുത്ത നേതാക്കളെയും രക്ഷപെടുത്താന്‍ കോടികണക്കിന് രൂപ ആണ് സംസ്ഥാന ഖജനാവില്‍ നിന്ന് ചിലവാക്കുന്നത്. പാവപ്പെട്ട ആളുകള്‍ നല്‍കുന്ന നികുതി പണത്തില്‍ നിന്നാണ് ഇങ്ങനെ ഗവണ്മെന്റ് കോടികള്‍ ചിലവാക്കുന്നത്.
ഇതിനെ നിയമസഭയില്‍ ചോദ്യം ചെയ്താല്‍ ഇനിയും ആവര്‍ത്തിക്കും എന്നുള്ള ധാര്‍ഷ്ട്യം നിറഞ്ഞ മറുപടി ആണ് ലഭിക്കുന്നത്. സുപ്രീം കോടതിയുടെ വിധി സംസ്ഥാന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് കിട്ടിയ മറുപടി ആണ്. അഴിമതിയും, സ്വജനപക്ഷപാതവും, അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് രാജിവച്ച് പുറത്ത് പോകണം. ഇല്ലാ എങ്കില്‍ ദിവങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനം ഇടതു പക്ഷ മുന്നണിയെ പാഠം പഠിപ്പിക്കും.
കേരള ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മുതിര്‍ന്ന അഭിഭാഷകരെ ലക്ഷങ്ങളും, ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളും നല്‍കി അണി നിരത്തിയിട്ടും കോടതികള്‍ക്ക് സത്യാവസ്ഥ മനസ്സിലായി.സി ബി ഐ അന്വേഷണത്തിലൂടെ യഥാര്‍ത്ഥ പ്രതികളെയും, അവര്‍ക്ക് വേണ്ട സൗകര്യം ചെയ്തു കൊടുത്ത നേതാക്കളുടെയും കൈകളില്‍ വിലങ്ങു വീഴാന്‍ അധികം സമയം വേണ്ടി വരില്ല.
പെരിയ കേസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നടത്തുവാന്‍ നേതൃത്വം നല്‍കിയ ടി ആസിഫലിയുടെ നേതൃത്വത്തിലുള്ള അഭിഭാഷകരെയും, കോണ്‍ഗ്രസ് നേതൃത്വത്തേയും അഭിനന്ദിക്കുന്നതായി ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അറിയിച്ചു.