മനാമ: ബഹ്‌റൈന്‍ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ  ബഹ്‌റൈന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ പരിസരത്തുള്ള എന്‍എസ്എച്ച്  ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. ബഹ്റൈനിലെ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അഹമ്മദ് അല്‍ ഹൈകിയും ഇന്ത്യന്‍ എംബസിയുടെ രക്ഷാധികാരത്തില്‍  പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിലെ പ്രതിനിധികളും ശ്രീവാസ്തവയ്‌ക്കൊപ്പമുണ്ടായിരുന്നു. ബഹ്‌റൈനില്‍ മലയാളികള്‍ ഉള്‍പ്പെടെ ഏറ്റവുമധികം ഇന്ത്യക്കാര്‍ താമസിക്കുന്ന ക്യാമ്പ് നാസര്‍ എസ് അല്‍ ഹജറി കോര്‍പ്പറേഷന്റേതാണ്. ഇത്രയും ബൃഹത്തായ ഒരു ലേബര്‍ ക്യാമ്പ് ബഹ്‌റൈനില്‍ ആദ്യത്തേതാണെന്നും ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റിനെ താന്‍ അഭിനന്ദിക്കുന്നതായും തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അഹമ്മദ് അല്‍ ഹൈകി പറഞ്ഞു.

NSH Labour Camp visit, Indian Ambassador

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ പലതരത്തിലുള്ള വിനോദങ്ങളിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു അംബാസിഡര്‍ ഏത്തിയത്.  ക്രിക്കറ്റ് കളിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കൊപ്പം അദ്ദേഹവും പങ്കുചേര്‍ന്നു.

മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന സന്ദര്‍ശനത്തില്‍ ജീവനക്കാരുടെ ക്ഷേമം, സുരക്ഷ, ആരോഗ്യ സംരക്ഷണം എന്നിവയും എന്‍എസ്എച്ച് നല്‍കുന്ന താമസസൗകര്യങ്ങളും ഇന്ത്യന്‍ അംബാസഡര്‍ പരിശോധിച്ചു. ക്യാമ്പ് പര്യടനത്തിനിടെ, തൊഴിലാളികളുമായി നേരിട്ട് സംവദിക്കാനും അവരുടെ മുറികള്‍ സന്ദര്‍ശിക്കാനും അംബാസഡര്‍ തയ്യാറായി.

തൊഴിലാളികള്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളില്‍ സന്ദര്‍ശനത്തിനുശേഷം അംബാസഡര്‍ തൃപ്തി രേഖപ്പെടുത്തി 'ബഹ്റൈനിലെ ഏറ്റവും വലിയ ഇന്ത്യന്‍ സമൂഹം ഈ ക്യാമ്പില്‍ താമസിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി, ഞാന്‍ ഇതുവരെ സന്ദര്‍ശിച്ചതില്‍ വച്ച് ഏറ്റവും മികച്ച ക്യാമ്പാണിത്. താമസം, കായിക - മെഡിക്കല്‍ സൗകര്യങ്ങള്‍, തൊഴിലാളികളെ മാനേജ്മെന്റ് പരിപാലിക്കുന്ന രീതി എന്നിവയില്‍ തൊഴിലാളികള്‍ സംതൃപ്തരാണെന്ന് മനസിലാക്കുന്നു' പിയൂഷ് ശ്രീവാസ്തവ പറഞ്ഞു. ബഹ്‌റൈനിലെ തന്നെ ഏറ്റവും മികച്ച തൊഴിലാളി ക്യാമ്പാണ് എന്‍എസ്എച്ച്എച്ച് ഗ്രൂപ്പ് ഒരുക്കിയിരിക്കുന്നതെന്ന് ഐസിആര്‍എഫ് ടീം അംഗങ്ങളും അഭിപ്രായപ്പെട്ടു.

311,153 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ക്യാമ്പില്‍ 8,500 തൊഴിലാളികള്‍ക്കുള്ള താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്‍എസ്എച്ച് ലേബര്‍ ക്യാമ്പില്‍ ഇന്ത്യക്കാരാണ് ഭൂരിപക്ഷവും. സൗദി അരാംകോ, ബാപ്കോ, ആല്‍ബ, സാബിക്, ഖത്തര്‍ ഗ്യാസ്, റാസ് ഗ്യാസ്, ഷെല്‍, എക്സോണ്‍ മൊബില്‍ തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ കമ്പനികള്‍ക്കായി എണ്ണ, വാതക, പെട്രോകെമിക്കല്‍ വ്യവസായത്തില്‍ മെഗാ പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതില്‍ 40 വര്‍ഷത്തിലേറെ പരിചയ സമ്പത്തുള്ള കമ്പനിയാണ് എന്‍എസ്എച്ച്.