മനാമ: നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്‍ഡ് റിസര്‍ച്ച്  സെന്റര്‍ (നിയാര്‍ക്ക്) ബഹ്‌റൈന്‍ ചാപ്റ്റര്‍ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രഥമ ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ് മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാടിന് സമ്മാനിക്കും. ഫെബ്രുവരി എട്ട് വെള്ളിയാഴ്ച ഏഴുമണി മുതല്‍ ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടക്കുന്ന ചടങ്ങില്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ഖലീഫയും മറ്റു പ്രമുഖരും സംബന്ധിക്കും.  

ഭിന്നശേഷി കുട്ടികള്‍ക്കായും പൊതുസമൂഹത്തിനുമായി പ്രൊഫ: മുതുകാട് നല്‍കിവരുന്ന സേവനം മുന്‍നിര്‍ത്തിയാണ് പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തതെന്ന്  ഭാരവാഹികള്‍ അറിയിച്ചു. നിയാര്‍ക്ക് ഗ്ലോബല്‍ കമ്മിറ്റി അംഗവും, പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവുമായ അഷ്‌റഫ് താമരശ്ശേരി ഗ്ലോബല്‍ നേതാക്കള്‍ക്കൊപ്പം ദുബായില്‍ വെച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. യൂനിസെഫിന്റെ അംബാസഡര്‍ കൂടിയായ മുതുകാട് ഈ അവാര്‍ഡിന് ഏറ്റവും അനുയോജ്യ വ്യക്തിത്വമാണെന്നതില്‍ സന്തോഷം ഉള്ളതായും ഈ ആദരവ് മലയാളി സമൂഹത്തിന്റെ മൊത്തം ആദരവാക്കി മാറ്റുവാനുള്ള പൊതുജന പിന്തുണതേടുന്നതായും സംഘാടകര്‍ പറഞ്ഞു. 

ചടങ്ങിന്റെ ഭാഗമായി പ്രൊഫ: ഗോപിനാഥ് മുതുകാടും സംഘവും അവതരിപ്പിക്കുന്ന ജാലവിദ്യയോട് കൂടിയ മോട്ടിവേഷന്‍ ക്ലാസ് 'എംക്യൂബ്' അരങ്ങേറും.  എംക്യൂബ് പരിപാടിയുടെ വിജയത്തിനായി ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന മെഗാഫെയറില്‍ 'പിരിശപ്പത്തിരി' എന്ന പേരില്‍ നിയാര്‍ക്ക് വനിതാ വിഭാഗം ഫുഡ് സ്റ്റാള്‍ നടത്തിയിരുന്നു. അന്നേ ദിവസം സ്റ്റാള്‍ സന്ദര്‍ശിച്ചവരുടെ കൂപ്പണ്‍ നറുക്കെടുപ്പും വിജയികള്‍ക്കുള്ള സമ്മാനദാനവും പ്രസ്തുത വേദിയില്‍ നടക്കും. കൂടാതെ  ബഹ്‌റൈന്‍ ഡിഫറന്റ് തിങ്കേഴ്‌സ് എന്ന കൂട്ടായ്മ എംക്യൂബ് ന്റെ വിജയത്തിനുവേണ്ടി ഓണ്‍ലൈനായി നടത്തുന്ന 'ക്യൂട്ട് കിഡ്‌സ്' മത്സരവിജയികളാകുന്ന  കുട്ടികള്‍ക്കുള്ള സമ്മാനദാനവും ഫെബ്രുവരി മാസത്തില്‍ പിറന്നാള്‍ ദിനമുള്ള  മുഴുവന്‍ കുട്ടികള്‍ക്കുമായി കേക്ക് കട്ടിംഗ് ആഘോഷവും വേദിയില്‍ നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു. 

പത്രസമ്മേളനത്തില്‍ നിയാര്‍ക്ക് ബഹ്‌റൈന്‍ മുഖ്യരക്ഷാധികാരി ഡോ: പി. വി. ചെറിയാന്‍, അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ ബിസിനസ്സ് മാനേജര്‍ ആസിഫ് മുഹമ്മദ് , സി.ഇ.ഒ ഡോ: ശരത് ചന്ദ്രന്‍ സംഘാടക സമിതി ചെയര്‍മാന്‍ ഫറൂഖ്. കെ.കെ., വൈസ് ചെയര്‍മാന്‍ സുജിത് ഡി. പിള്ള, ജനറല്‍ കണ്‍വീനര്‍ ഹനീഫ് കടലൂര്‍, നിയാര്‍ക്ക് ബഹ്‌റൈന്‍ ചെയര്‍മാന്‍ കെ.ടി. സലിം, ജനറല്‍ സെക്രട്ടറി ടി.പി. നൗഷാദ് ,ട്രഷറര്‍ അസീല്‍ അബ്ദുള്‍റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.