മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗത്തില്‍ നവ്ഭാരത് ബഹ്‌റൈന്‍ അനുശോചിച്ചു. ദീര്‍ഘകാലം പ്രധാനമന്ത്രി പദവിയിലിരുന്നു സ്വദേശികളെയും വിദേശികളെയും ഒരുപോലെ സ്നേഹിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. മികച്ച ഭരണാധികാരിയും ഇന്ത്യയുമായും പ്രവാസി സമൂഹവുമായെല്ലാം ഏറെ അടുപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് കനത്ത നഷ്ട്ടമാണെന്നു യോഗം അനുശോചിച്ചു. 

ഒരു വിവേചനവും ഇല്ലാതെ സ്വദേശികളോടൊപ്പം വിദേശികളെയും ഹൃദയത്തോട് ചേര്‍ത്ത് വച്ച ഭരണാധികാരി ആയിരുന്നു. ഹൃദയ വിശാലതകൊണ്ട് ലോകത്തെ കീഴടക്കിയ മഹാനായ ഭരണാധികാരി ആയിരുന്നു അദ്ദേഹം. ദീര്‍ഘ വീക്ഷണവും ഇച്ഛാശക്തിയുമുള്ള ഒരു ഭരണാധികാരി എന്നതിലുപരി രാജൃത്തെ സാധാരണക്കാരായ ജനങ്ങളുടെ കാരൃങ്ങളില്‍ ശ്രദ്ധയും പ്രശ്‌നങ്ങളില്‍ നീതിപൂര്‍വ്വമായ ഇടപെടലുകളും നടത്തിയ ഭരണാധിപന്മാരില്‍ ഒരാളായിരുന്നു. ഇന്ത്യന്‍ സമൂഹത്തോട് വളരെ കരുതലും സ്‌നേഹവും കാട്ടിയ ഒരു മികച്ച ഭരണാധികാരിയും മനുഷ്യ സ്‌നേഹിയേയുമാണ് നഷ്ടമായതെന്ന് ഭാരവാഹികള്‍ വിലയിരുത്തി. 

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബഹ്റൈന്‍ സന്ദര്‍ശിച്ച അവസരത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയ പ്രിന്‍സ് ഖലീഫ, ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള സൗഹൃദം ദീര്‍ഘനാള്‍ നിലനില്‍ക്കട്ടെയെന്നു ആശംസിച്ചു. ബഹ്റൈന്റെ  പുരോഗതിക്കായി നടത്തുന്ന ബഹ്റൈനിലെ ഇന്ത്യക്കാരുടെ സേവനങ്ങളെ പ്രിന്‍സ് ഖലീഫ പ്രകീര്‍ത്തിച്ചിരുന്നുവന്നു നരേന്ദ്രമോദി ട്വീറ്ററില്‍ കുറിച്ചു. പ്രസിഡണ്ട് ജയകുമാര്‍ ശ്രീധരന്‍, ജനറല്‍ സെക്രെട്ടറി ജി പ്രദീപ് കുമാര്‍, കാര്‍ത്തികേയന്‍, നിരഞ്ജന്‍, പവിത്രന്‍, രാജീവ്, പ്രദീപ് ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.