മനാമ: ബഹ്‌റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവം ഒക്ടോബര്‍ 7 മുതല്‍ 15 വരെ വിപുലമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. നവരാത്രി മഹോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മിഡിലീസ്റ്റ് ഹോസ്പിറ്റല്‍ ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍ പ്രസാദ് നിര്‍വഹിച്ചു. എസ്.എന്‍.സി.എസ് ആക്ടിംഗ് ചെയര്‍മാന്‍ പവിത്രന്‍ പൂക്കോട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍, ജനറല്‍ സെക്രട്ടറി സുനീഷ് സുശീലന്‍ സ്വാഗതവും, കോര്‍ഡിനേറ്റര്‍ ഷൈജു കുര്യന്‍ ആശംസയും, ജനറല്‍ കണ്‍വീനര്‍ വിപിന്‍ പൂക്കോട്ടി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും വൈകീട്ട് 7:30 മുതല്‍ പ്രത്യേക നവരാത്രി ദിന പ്രാര്‍ത്ഥനും പൂജയും, പ്രസാദവും ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബര്‍ 15 വെള്ളിയാഴ്ച വിജയദശമി നാളില്‍ രാവിലെ 8 മണി മുതല്‍ അഡ്വ.സതീഷ് കുമാര്‍ (മലയാളം പാഠശാല അധ്യാപകന്‍, പ്രാര്‍ത്ഥന ക്ലാസ്സ് അധ്യാപകന്‍) കുരുന്നുകള്‍ക്ക്  വിദ്യാരംഭം കുറിക്കുന്നതാണ്. വൈകുന്നേരം 5.30 മുതല്‍ സമാപന സമ്മേളനവും, വിവിധ കലാപരിപാടികളും, സംഗീത കച്ചേരിയും ഉണ്ടായിരിക്കും. നവരാത്രി ദിനാഘോഷങ്ങള്‍ ഗവണ്‍മെന്റ് നിഷ്‌കര്‍ഷിച്ചിട്ടുള്ള കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും നടക്കുന്നത്. കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ വിപിന്‍ പൂക്കോട്ടി (36671533), പ്രസാദ് വാസു (39040964), ഷൈജു (33936871) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.