മനാമ: ബഹ്റൈനില്‍ നിലവിലുള്ള പ്രതിരോധ വാക്സിനുകള്‍ ഫലപ്രദമാണെന്നും വാക്സിനുമായി ബന്ധപെട്ടു യാതൊരു സംശയവും വേണ്ടെന്നും നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ത്തന്നെ ഫലപ്രാപ്തി തെളിയിച്ചിട്ടുള്ളതും ലോകാരോഗ്യസംഘടന അംഗീകരിച്ചിട്ടുള്ളതുമായ വാക്സിന്‍ തന്നെയാണ് ബഹ്റൈനിലും നിലവിലുള്ളത്. അതിനാല്‍ സംശയങ്ങളൊക്കെ മാറ്റി വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറായി ജനങ്ങള്‍ മുന്നോട്ടു വരണമെന്ന് ബിഡിഎഫ് ആശുപത്രിയിലെ പകര്‍ച്ചവ്യാധി കണ്‍സള്‍ട്ടന്റും മൈക്രോബയോളജിസ്റ്റും കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ മെഡിക്കല്‍ ടാസ്‌ക്‌ഫോഴ്സ് അംഗവുമായ ലഫ്റ്റനന്റ് കേണല്‍ ഡോ. മനാഫ് അല്‍ ഖഹ്താനി അഭ്യര്‍ത്ഥിച്ചു. ബഹ്റൈന്‍ രാജ്യത്ത് അംഗീകൃത വാക്സിനുകളെക്കുറിച്ചു നടത്തിയിട്ടുള്ള പഠനങ്ങളും തെളിയിക്കുന്നത്, വാക്‌സിനേഷന്‍ എടുത്തിട്ടുള്ള വ്യക്തികളെ ഫലപ്രദമായി സംരക്ഷിക്കുകയും അണുബാധയുണ്ടായാല്‍ രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നതായാണ്. ഇന്നുവരെ നടത്തിയ പഠനങ്ങളിലേക്ക് തിരിഞ്ഞ ഡോ. മനാഫ് അല്‍ ഖഹ്താനി, വൈറസിന്റെ പരിവര്‍ത്തനം സംഭവിച്ചെങ്കിലും, പ്രതിരോധ കുത്തിവയ്പ്പുകള്‍ പ്രതിരോധശേഷി നല്‍കിയിട്ടുണ്ടെന്നും രോഗലക്ഷണങ്ങള്‍ ഒഴിവാക്കിക്കൊണ്ട് വ്യക്തികളെ സംരക്ഷിച്ചിട്ടുണ്ടെന്നും സൂചിപ്പിച്ചു. പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുക്കുകയും അവസാന ഡോസ് മുതല്‍ 14 ദിവസം പൂര്‍ത്തിയാക്കുകയും ചെയ്തവരില്‍ രോഗബാധ വളരെ കുറച്ചു മാത്രമാണ് അനുഭവപ്പെട്ടിട്ടുള്ളതെന്നും ഇവരില്‍ത്തന്നെയും തീവ്രത വളരെ കുറവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രോഗബാധ കൂടുതലുള്ള രാജ്യങ്ങളില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്ക് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ കോവിഡ് -19 ന്റെ വ്യാപനം ലഘൂകരിക്കാന്‍ സഹായിക്കുമെന്നും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുമെന്നും ആരോഗ്യ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറിയും കൊറോണ വൈറസിനെ നേരിടുന്നതിനുള്ള ദേശീയ മെഡിക്കല്‍ ടാസ്‌ക്‌ഫോഴ്സ് അംഗവുമായ എച്ച്.ഇ ഡോ. വലീദ് ഖലീഫ അല്‍ മാനിയ പറഞ്ഞു. അനുബന്ധ മെഡിക്കല്‍ പരിചരണം ഉള്‍പ്പെടെ ചികിത്സകള്‍, പ്രതിരോധ കുത്തിവയ്പ്പുകള്‍ എന്നിവ എല്ലാവര്‍ക്കും സൗജന്യമാണ്. ലോകത്ത് ഏറ്റവുമധികം ജനങ്ങള്‍ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈന്‍.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നിലവിലുള്ള കോവിഡ് കേസുകളില്‍ 2% മാത്രമാണ് യാത്രയുമായി ബന്ധപ്പെട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് യാത്രക്കാര്‍ എത്തുമ്പോള്‍ പിസിആര്‍ പരിശോധന നടത്താന്‍ നിര്‍ബന്ധിത നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും  മെഡിക്കല്‍ ഡാറ്റ, വസ്തുതകള്‍, കണക്കുകള്‍ എന്നിവ അനുസരിച്ച്, ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യകത ലഘൂകരണ ശ്രമങ്ങളെ കൂടുതല്‍ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലഭ്യമായ കോവിഡ് വാക്‌സിനുകള്‍ സ്വീകരിച്ച് രജിസ്റ്റര്‍ ചെയ്യാന്‍ പൗരന്മാരോടും താമസക്കാരോടും അദ്ദേഹം ആവശ്യപ്പെട്ടു. വാക്‌സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് നിര്‍മ്മാതാക്കള്‍ നടത്തിയ വിപുലമായ പഠനങ്ങള്‍ക്കൊപ്പം എല്ലാ വാക്‌സിനുകള്‍ക്കും ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. 

വാക്സിനുകളിലൂടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, മരണനിരക്കും ആശുപത്രികളില്‍ പ്രവേശിക്കുന്നവരുടെ എണ്ണവും കുറയ്ക്കുക, നിലവിലുള്ള കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുക എന്നിവയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആരോഗ്യപരവും സാമൂഹികവുമായ അകലം പാലിക്കാനുള്ള എല്ലാ നടപടികളും പാലിക്കേണ്ടതിന്റെ പ്രാധാന്യം 
ജനങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. മുന്‍കരുതല്‍ നടപടികളുടെ ലംഘനം മൂലം ധാരാളം സ്ഥാപനങ്ങളും പള്ളികളും അടച്ചിട്ടിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ പരിശോധനകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 

എല്ലാ മുന്‍കരുതല്‍ നടപടികളും തുടര്‍ന്നും പാലിക്കേണ്ടതിന്റെ പ്രാധാന്യം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ സാംക്രമികവും ആന്തരികവുമായ രോഗങ്ങളുടെ ഉപദേഷ്ടാവും കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ മെഡിക്കല്‍ ടാസ്‌ക്‌ഫോഴ്സ് അംഗവുമായ ഡോ.ജമീല അല്‍ സല്‍മാന്‍ ചൂണ്ടിക്കാട്ടി. വാക്‌സിന്‍ പൂര്‍ണ്ണമായി ഫലപ്രാപ്തിയിലെത്താന്‍ രണ്ട് ഡോസുകള്‍ നല്‍കണമെന്ന് ഡോ.ജമീല വിശദീകരിച്ചു. കാരണം ആന്റിബോഡികളുടെ രൂപവത്കരണത്തിന് അവസാന ഡോസ് കഴിഞ്ഞ് 14 ദിവസം വരെ എടുത്തേക്കാം, പ്രായമായവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ (പ്രമേഹം, ഹൃദ്രോഗം, രക്താതിമര്‍ദ്ദം, അമിതവണ്ണം, ആസ്ത്മ, വാതം, വിട്ടുമാറാത്ത വൃക്കരോഗം, കാന്‍സര്‍) തുടങ്ങിയവരുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തേണ്ടതുണ്ട്. ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, പനി എന്നിവയുള്‍പ്പെടെ എന്തെങ്കിലും ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ 444 എന്ന നമ്പറില്‍ വിളിക്കുന്നതിന്റെ പ്രാധാന്യം ഡോ.ജമീല അല്‍ സല്‍മാന്‍ ആവര്‍ത്തിച്ചു.

സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നത് തുടരുക, ഉപരിതലങ്ങള്‍ അണുവിമുക്തമാക്കുക, പുറത്തുപോകുമ്പോള്‍ മാസ്‌ക് ധരിക്കുക, ആവശ്യമുള്ളപ്പോള്‍ മാത്രം വീട്ടില്‍ നിന്ന് പുറത്തുപോകുക, ഒത്തുചേരലുകള്‍ ഒഴിവാക്കുക, പ്രതിരോധ കുത്തിവയ്പ്പ് നടത്തുക, സാമൂഹിക അകലം പാലിക്കുക എന്നിവയിലൂടെ വൈറസ് പകരാനുള്ള സാധ്യത ഒഴിവാക്കാനാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.