Muhammed Mansoorമനാമ: ലോക യുവജനസംഘം (ദി വേള്‍ഡ് യൂത്ത് ഗ്രൂപ്പ്) കൗണ്‍സില്‍ ഡയറക്ടറായി ബഹ്‌റൈനിലെ പ്രമുഖ വ്യവസായി മുഹമ്മദ് മന്‍സൂര്‍ തിരഞ്ഞെടുക്കപ്പെട്ടു.

2019 ല്‍ സ്ഥാപിക്കപ്പെട്ട ലോക യുവജന കൂട്ടായ്മ യുവനേതാക്കള്‍, നയതന്ത്രജ്ഞര്‍, പാര്‍ലമെന്റംഗങ്ങള്‍, രാഷ്ട്രീയക്കാര്‍ തുടങ്ങി തിരഞ്ഞെടുക്കപ്പെട്ടവരുടെ ആഗോള തലത്തില്‍ അറിയപ്പെടുന്ന ഒരു കൂട്ടായ്മയാണ്. വിവര സാങ്കേതിക വിദ്യ, ഊര്‍ജ്ജം, എണ്ണ, വാതകം, കായികം, സീഡ് ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് തുടങ്ങിയ മേഖലകളിലായി ഒട്ടേറെ സ്ഥാപനങ്ങള്‍ ഉള്ള സാറ ഗ്രൂപ്പിന്റെ സ്ഥാപകനും സി.ഇ.ഒയുമായ മന്‍സൂര്‍ ബഹ്റൈനിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യം കൂടിയാണ്. 

ഈ വരുന്ന 76-ാമത് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിക്കാനിരിക്കുകയാണ് ഈ കൂട്ടായ്മ. 25 രാജ്യങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് 22 പാര്‍ലമെന്റ് അംഗങ്ങള്‍, 6 മന്ത്രിമാര്‍, യു എന്നിന്റെ സ്ഥിരം പ്രതിനിധികള്‍ എന്നിവര്‍ 5 ഉച്ച കോടികളിലായി പങ്കെടുക്കും. 

യു.എന്‍ അംഗരാഷ്ട്രങ്ങളില്‍ നിന്നുള്ള പത്ത് സ്ഥിര പ്രതിനിധികള്‍ (അംബാസഡര്‍മാര്‍) അടങ്ങുന്ന അഡൈ്വസറി ബോര്‍ഡും സംഘടനക്കുണ്ട്. ഓരോ അംബാസഡര്‍മാരും എസ് ഡി ജി യുടെ വിവിധ കമ്മിറ്റികളുടെ മുഖ്യ ഉപദേഷ്ടാക്കളായും പ്രവര്‍ത്തിക്കുന്നു. 108 ദേശീയ വിദ്യാര്‍ത്ഥി സംഘടനകള്‍, ഒരു ഡസന്‍ ദേശീയ യുവ രാഷ്ട്രീയ നേതാക്കള്‍, 45 ല്‍ അധികം വരുന്ന യുവ പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവര്‍ അടങ്ങുന്ന ഈ സംഘടന തിരഞ്ഞെടുക്കപ്പെടുന്ന യുവ നേതാക്കളുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടായ്മയാണ്.

മന്‍സൂറിന്റെ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനെ കുറിച്ച് ബോട്‌സ്വാനയില്‍ നിന്നും യു എന്നിലെ സ്ഥിര പ്രതിനിധിയും യു എന്നിന്റെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍ പ്രസിഡന്റും ആയ അംബാസഡര്‍ കോളന്‍ വി. കെലാപിലെ പറഞ്ഞത്, 'ഒരു സംരംഭകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ കൈ വരിച്ച നേട്ടങ്ങള്‍ തന്നെയാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് പരിഗണിയ്ക്കാന്‍ കാരണമായത് എന്നാണ്. മന്‍സൂറിന്റെ തങ്ങളുമായുള്ള സഹകരണം കൗണ്‍സിലിന്റെ പ്രവര്‍ത്തങ്ങളെ കൂടുതല്‍ ഊര്‍ജിതപ്പെടുത്താന്‍ സഹായിക്കുകയും തങ്ങളുടെ പൊതുവായ ലക്ഷ്യങ്ങളിലേക്കുള്ള വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നും ലോക യുവജന സംഘം, ചെയര്‍ ക്രിസ്റ്റോ തോമസ് ആത്മ വിശ്വാസം പ്രകടിപ്പിച്ചു.