മനാമ:  ബഹ്റൈനിലെ പ്രമുഖ നൃത്താധ്യാപികയും നിരവധി ഡാന്‍സ് ഡ്രാമകളുടെ സംവിധായികയുമായ വിദ്യ ശ്രീകുമാറിന്റെ ശിക്ഷണത്തില്‍ മോഹിനിയാട്ടം അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം അദ്ലിയ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടത്തി. സ്‌കൂള്‍ കരിക്കുലത്തില്‍ നൃത്തമുള്‍പ്പെടെയുള്ള കല സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉള്‍പെടുത്തേണ്ടുന്നതിന്റെ ആവശ്യകതയും അവ കുട്ടികളുടെ വ്യക്തിത്വ വികസനത്തെ സഹായിക്കുന്ന കാര്യവും ഹ്രസ്വമായ ഔപചാരിക ചടങ്ങു ഉദ്ഘാടനം ചെയ്ത ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള വിശദീകരിച്ചു. 

സൂര്യ നൃത്തോത്സവത്തില്‍ ഉള്‍പ്പെടെ നിരവധി നൃത്ത ശില്‍പങ്ങള്‍ അവതരിപ്പിച്ചു പ്രശസ്തയായ വിദ്യ ശ്രീകുമാര്‍, മികച്ച അധ്യാപികയായി ശോഭിക്കുന്നതോടൊപ്പം നൃത്തത്തില്‍ തന്റേതായ സര്‍ഗ്ഗാത്മകത കാണിക്കുന്നതിലുള്ള മിടുക്കിനെയും അദ്ദേഹം അനുമോദിച്ചു. സോപാനം വാദ്യകലാസംഘം ഗുരു സന്തോഷ് കൈലാസ്, കുട്ടികള്‍ക്കും അദ്ധ്യാപികയ്ക്കും ആശംസയര്‍പ്പിച്ചതോടൊപ്പം ഈ പരിമിതമായ സാഹചര്യത്തിലും കുട്ടികളെ കലാപ്രവര്‍ത്തനത്തിന് പ്രാപ്തരാക്കുന്ന രക്ഷിതാക്കളെ അഭിനന്ദിച്ചു.. രക്ഷിതാക്കളുടെ പ്രതിനിധിയായി പ്രദീപ് പതേരി സ്വാഗതവും ശിവപ്രസാദ് നന്ദിപ്രകടവും നിര്‍വഹിച്ച ചടങ്ങ് നയന്‍താര നിയന്ത്രിച്ചു.

'ലക്ഷ്യ'യുടെ ബാനറില്‍ അവതരിപ്പിക്കപ്പെട്ട 'നൃത്താര്‍ച്ചന' അരങ്ങേറ്റത്തില്‍ നിഹാരിക രാജീവ് ലോചന്‍, ദില്‍ഷ ദിനേഷ്, ദേവാംഗന ശിവപ്രസാദ്, പ്രാര്‍ത്ഥന പ്രദീപ്, പ്രണതി പ്രദീപ്, അഥീന റീഗ പ്രദീപ് എന്നിവരാണ്, മോഹിനിയാട്ടത്തില്‍ ആര്‍ജ്ജിച്ച തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തിയ അരങ്ങേറ്റത്തിന് വേദി ഒരുക്കിത്തന്ന അദ്ലിയ ക്ഷേത്ര ഭാരവാഹികളെ രക്ഷിതാക്കള്‍ കൃതജ്ഞത അറിയിച്ചു.