മനാമ: മുഹറഖ് മലയാളി സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ് ശ്രദ്ധേയമായി. പ്രതിസന്ധി കാലത്തെ മാനസിക പ്രയാസങ്ങള്‍ കുട്ടികളിലും മുതിര്‍ന്നവരിലും, ദൈനംദിന ജീവിതത്തില്‍ വ്യായാമത്തിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ ക്ലാസിനു ബഹറിനിലെ പ്രശസ്ത മനോരോഗ വിദഗ്ധനും കൗണ്‍സിലറുമായ ഡോ. ജോണ്‍ പനക്കലും, കാലിക്കറ്റ് പി ആര്‍ ടി സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ക്യാപ്റ്റന്‍ സറീന നവാസും നേതൃത്വം നല്‍കി. 

കോവിഡ് കാലത്തില്‍ പ്രതിസന്ധി കാലം എങ്ങിനെ തരണം ചെയ്യാമെന്ന് ഡോ. ജോണ്‍ പനക്കല്‍ ക്‌ളാസിലൂടെ വിശദമായി വിവരിച്ചു. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുവാനും പരസ്പരം സഹായിക്കുവാനും ഈ കാലഘട്ടം നമ്മെ പഠിപ്പിച്ചു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക കാലത്ത് യാന്ത്രികവല്‍കരണവും, അലസതയും വ്യായാമത്തിന്റെ അപര്യാപ്തതക്കു കാരണമായെന്നും, ചിട്ടയായ വ്യായാമം ശാരീരിക മാനസിക ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്നും വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വളരെ വിശദമായ രീതിയില്‍ ക്യാപ്റ്റന്‍ സെറീന നവാസ് ക്ലാസ് എടുത്തു. കൃത്യമായ വ്യായാമവും സമീകൃത ആഹാരവും ജീവിതശൈലി രോഗങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തും എന്നും  കൊറോണ കാലഘട്ടത്തിലെ വ്യായാമ രീതികളെക്കുറിച്ചും ക്ലാസ്സില്‍ വിവരിച്ചു.

സമാജം മുഖ്യരക്ഷാധികാരി എബ്രഹാം ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സൂം പ്ലാറ്റ്‌ഫോമിലൂടെ സംഘടിപ്പിച്ച ക്ലാസിന് എം എം എസ് വൈസ് പ്രസിഡന്റും വനിത വിങ് കോര്‍ഡിനേറ്ററുമായ ദിവ്യ പ്രമോദ് അധ്യക്ഷത വഹിച്ചു. മുന്‍ സെക്രട്ടറി സുജ ആനന്ദ് സ്വാഗതം പറഞ്ഞു. അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ മുഹമ്മദ് റഫീഖ്, പ്രസിഡന്റ് അന്‍വര്‍ നിലമ്പൂര്‍, ആക്ടിങ് സെക്രട്ടറി ലത്തീഫ് കൊളിക്കല്‍, ട്രഷറര്‍ അബ്ദുറഹ്മാന്‍ കാസര്‍കോട്, മുന്‍ പ്രസിഡന്റ് അനസ് റഹീം, എക്‌സിക്യൂട്ടീവ് മെമ്പര്‍ ഷംഷാദ് അബ്ദുറഹ്മാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബാഹിറ അനസ് നന്ദി പറഞ്ഞു.