മനാമ: തൊഴിലാളി ദിനത്തിന്റെ ഭാഗമായി സീറോ മലബാര്‍ സോസൈറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മുന്നൂറോളം തൊഴിലാളികള്‍ പങ്കെടുത്ത മെഡിക്കല്‍ ക്യാമ്പ്, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സംഘടിപ്പിച്ചത്. മെഡിക്കല്‍ ക്യാമ്പ് അല്‍ട്രാഡ് ജനറല്‍ മാനേജര്‍ ടോണി ഉദ്ഘാടനം ചെയ്തു. 

ഭയപ്പെടുത്തുന്ന മഹാമാരിയുടെ ഇടയിലും  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച സീറോമലബാര്‍ സൊസൈറ്റിയും കിംസ് ഹെല്‍ത്ത് ബഹറൈനും മാനുഷിക പരിഗണനയുടെയും സേവന മനോഭാവത്തിന്റെയും മഹത്തായ മാതൃകയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ടോണി പറഞ്ഞു.

ഉച്ചയോടെ ആരംഭിച്ച മെഡിക്കല്‍ ക്യാമ്പ്, വൈകീട്ട് സമാപിച്ചു. ചടങ്ങില്‍ സംബന്ധിച്ച എല്ലാവര്‍ക്കും ഇഫ്താര്‍ കിറ്റുകളും വിതരണം ചെയ്തു. ഇഫ്താര്‍ കിറ്റുകളുടെ വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡണ്ട് ചാള്‍സ് ആലുക്ക നിര്‍വഹിച്ചു. കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പോള്‍ ഉര്‍വ്വത്ത്, വൈസ് പ്രസിഡണ്ട് പോളി വിതയത്തില്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സജു സ്റ്റീഫന്‍ സ്വാഗതവും, മെയ്ദിന പരിപാടികളുടെ കണ്‍വീനര്‍ ഷാജി സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.