മനാമ: പ്രവാസികള്‍ നാട്ടില്‍ പോകുമ്പോള്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്കും ആരോഗ്യ കുടുംബകാര്യ മന്ത്രിക്കും മാസ് പെറ്റീഷന് അയക്കുന്നു. 'കൈകോര്‍ക്കാം സാമൂഹിക നന്മക്കായി' എന്ന തലക്കെട്ടില്‍ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന് നടത്തുന്ന കാമ്പയിനിന്റെ ഭാഗമായാണ് മാസ് പെറ്റീഷന് അയക്കുന്നത്.
കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ സര്‍ക്കാരിന്റെ വിവേചനപരമായ പല നടപടികള്‍ക്കും ഇരയായത് പ്രവാസികളാണ്. കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് സാന്ത്വനമോ സാമ്പത്തികസഹായമോ സര്‍ക്കാരുകള്‍ നല്‍കിയിട്ടില്ല. രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതിയുടെ അടിത്തറയായി നിലകൊള്ളുന്ന പ്രവാസി സമൂഹത്തിന് നേരെയുള്ള ഈ അവഗണനക്കെതിരെ പ്രവാസി സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന് അഭിപ്രായപ്പെട്ടു.
പ്രത്യക്ഷത്തില്‍ ഗുണകരമാണെന്ന് തോന്നുന്ന കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ നിയമപ്രകാരം യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് വിദേശരാജ്യങ്ങളില്‍ നിന്ന് പി.സി.ആര് ടെസ്റ്റ് എടുക്കണം. ശേഷം ഇറങ്ങുന്ന എയര്‍പോര്‍ട്ടില്‍ വീണ്ടും കോവിഡ് ടെസ്റ്റ്. 72 മണിക്കൂറിന് മുമ്പ് ടിക്കറ്റ് എടുത്ത് ടെസ്റ്റ് കഴിഞ്ഞ് പോസിറ്റിവായാല്‍ ടിക്കറ്റ് കാശും നഷ്ടമാകും. ടെസ്റ്റ് കഴിഞ്ഞ് ടിക്കറ്റ് എടുത്താല്‍ അമിതമായ ചാര്‍ജാണ്. ഇത്തരം നിയമങ്ങള്‍ പ്രവാസികള്‍ക്ക് അമിതചെലവ് സമ്മാനിക്കുന്നതാണ്. ഇനി ടെസ്റ്റ് നിര്‍ബന്ധമാണെങ്കില്‍ യാത്ര പുറപ്പെടുന്നതിനു മുമ്പുള്ള ടെസ്റ്റ് ഒഴിവാക്കി നാട്ടിലെ എയര്‍പോര്‍ട്ടുകളില്‍ സൗജന്യമായി ചെയ്യാന്‍ സര്‍ക്കാറുകള്‍ തയ്യാറാകണം. നിലവിലെ അവസ്ഥയില്‍ ഗള്‍ഫില്‍ ജോലി നഷ്ടമായി കഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് താങ്ങും തണലുമായി സര്‍ക്കാറും രാഷ്ട്രീയസംവിധാനങ്ങളും മാറേണ്ടത് ഇപ്പോഴാണ് എന്നും സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന് അഭിപ്രായപ്പെട്ടു.