മനാമ: ബഹ്‌റൈനില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധമന്ത്രാലയ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആഗോള സുരക്ഷാസമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കം. നവംബര്‍ 19 മുതല്‍ 21 വരെ ഫോര്‍ സീസണ്‍ ഹോട്ടലില്‍ അരങ്ങേറുന്ന പതിനേഴാമത് മനാമ ഡയലോഗ് എന്ന സമ്മേളനത്തില്‍ പങ്കെടുക്കാനായി വിവിധ രാജ്യങ്ങളില്‍നിന്നുള്ള നിരവധി പേര്‍ വെര്‍ച്വല്‍ ആയി പങ്കെടുക്കുന്നുണ്ടെങ്കിലും കോവിഡിന്റെ സാഹചര്യത്തിലുള്ള നിയന്ത്രണത്തില്‍ 300 പ്രതിനിധികളാണ് നേരിട്ടെത്തുന്നത്. ഇന്തോനേഷ്യന്‍ പ്രതിരോധ മന്ത്രി പ്രബോവോ സുബിയാന്റോ മനാമ ഡയലോഗിന്റെ ഉദ്ഘാടന പ്രസംഗം നടത്തും.

ശനിയാഴ്ച, യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, മിഡില്‍ ഈസ്റ്റിനെക്കുറിച്ചുള്ള പ്രധാന നയ പ്രസംഗം നടത്തും. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരന്‍ രാജ്യത്തിന്റെ ആഗോള ഇടപെടലുകളെക്കുറിച്ചും പ്രാദേശിക മുന്‍ഗണനകളെക്കുറിച്ചും ചര്‍ച്ച ചെയ്യും. യു.എസ്.ഡിഫന്‍സ് സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിന്‍, യു.കെ. നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ സര്‍ സ്റ്റീഫന്‍ ലൊവെര്‍ഗ്രോവ്, തുടങ്ങി നിരവധി പ്രമുഖരാണ് ഇത്തവണ മനാമ ഡയലോഗില്‍ പങ്കെടുക്കാനെത്തുന്നത്. ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ.അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാരും മൂന്നു ദിവസത്തെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നു.

ഇന്ത്യയില്‍നിന്ന് ഇത്തവണ ഇന്ത്യന്‍ ആംഡ് ഫോഴ്‌സ് പ്രതിനിധി എയര്‍ മാര്‍ഷല്‍ ബലഭദ്ര രാധാകൃഷ്ണയാണ് പങ്കെടുക്കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള മന്ത്രിമാരും വിദേശകാര്യ-നയതന്ത്ര ഉദ്യോഗസ്ഥരും മിലിട്ടറി-നേവി വിഭാഗങ്ങളിലെ ഉന്നതോദ്യോഗസ്ഥരും മനാമ ഡയലോഗില്‍ പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും നടക്കുന്നത് വിവിധ പ്‌ളീനറി സെഷനുകളാണ്. ഓരോ രണ്ടു മണിക്കൂര്‍ ഇടവിട്ട് സെഷനുകള്‍ നടക്കുന്നുണ്ട്. കനത്ത സുരക്ഷാവലയത്തില്‍ നടക്കുന്ന ഉച്ചകോടിയിലേക്ക് പ്രത്യേകം അക്രെഡിറ്റേഷനുള്ളവര്‍ക്കു മാത്രമാണ് പ്രവേശനം. ബഹ്‌റൈനെക്കൂടാതെ യു.എ.ഇ., ഓസ്‌ട്രേലിയ, ചൈന, ഈജിപ്ത്, ഫ്രാന്‍സ്, ജര്‍മ്മനി, പാകിസ്താന്‍, റഷ്യ, സൗദി അറേബ്യ, സിംഗപ്പൂര്‍, ബ്രിട്ടന്‍, അമേരിക്ക, തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ മനാമ ഡയലോഗില്‍ പങ്കെടുക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് സംഘടിപ്പിക്കുന്ന സമ്മേളനം ഞായറാഴ്ച സമാപിക്കും.