മനാമ:  ബഹ്‌റൈനില്‍ അഞ്ചാമത് പാര്‍ലമെന്റിലേക്കും മുനിസിപ്പാലിറ്റിയിലേക്കുമുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചുകൊണ്ട്  രാജാവ് ഹിസ് മെജസ്റ്റി ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ  ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം സാഖീര്‍ കൊട്ടാരത്തില്‍ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടേയും കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടേയും സാന്നിധ്യത്തില്‍ നടന്ന കാബിനറ്റ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ടാണ് ഹമദ് രാജാവ് തെരഞ്ഞെടുപ്പു പ്രഖ്യാപനം നടത്തിയത്. 

ഇതനുസരിച്ച് നവംബര്‍ ഇരുപത്തിനാലിനു തെരഞ്ഞെടുപ്പു നടക്കും. നാമനിര്‍ദദേശപത്രികകള്‍ ഒക്‌ടോബര്‍ 17 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ സമര്‍പ്പിക്കാമെന്ന് ഹമദ് രാജാവ്  ഉത്തരവായി. നവംബര്‍ ഇരുപത്തിനാലിന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയായിരിക്കും നടക്കുക. അതേസമയം ഒരു ഉപതെരഞ്ഞെടുപ്പിന്റെ ആവശ്യം വന്നാല്‍ അത് ഡിസംബര്‍ ഒന്നിന് നടക്കും. സ്ഥാനാര്‍ത്ഥിക്ക് 50 ശതമാനം വോട്ടെങ്കിലും ലഭിക്കാത്ത സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുക. രാജ്യത്തിനു പുറത്തുള്ളവര്‍ അതതുരാജ്യങ്ങളിലെ ബഹ്‌റൈന്‍ എംബസികളിലോ കോണ്‍സുലേറ്റുകളിലോ നവംബര്‍ 20 ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതാണ്. 40 അംഗങ്ങളാണ് നാലു വര്‍ഷം കാലാവധിയുള്ള ബഹ്‌റൈന്‍ പാര്‍ലമെന്റിലുള്ളത്.  

പുരുഷന്മാരേക്കാള്‍ക്കൂടുതല്‍ വനിതാവോട്ടര്‍മാരാണ് ബഹ്‌റൈനില്‍. വോട്ടര്‍മാരുടെ പേരുവിവരങ്ങള്‍ രാജ്യത്തെ നാലു ഗവര്‍ണറേറ്റുകളില്‍ പ്രസിദ്ധപ്പെടുത്തും. 2002 ലായിരുന്നു ബഹ്‌റൈനില്‍ പാര്‍ലമെന്റിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പു നടന്നത്. പിന്നീട് 2006, 2010, 2014 എന്നീ വര്‍ഷങ്ങളിലും തെരഞ്ഞെടുപ്പ് നടന്നു.  മുനിസിപ്പല്‍ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പും നവംബര്‍ 24നു തന്നെ നടക്കും. രാജ്യത്ത് സ്വന്തമായി സ്ഥലം വാങ്ങിയിട്ടുള്ള വിദേശീയര്‍ക്ക് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താം. എന്നാല്‍ ഇവര്‍ക്ക് പാര്‍ലമെന്റു തെരഞ്ഞെടുപ്പില്‍ വോട്ടവകാശമില്ല. 

2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി ലത്തീഫ അല്‍ ഗൗദ് എന്ന വനിത എതിരില്ലാതെ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ജി.സി.സി. രാജ്യത്തെ ആദ്യത്തെ വനിതാ പാര്‍ലമെന്റംഗമെന്ന നിലയില്‍ വിദേശമാദ്ധ്യമങ്ങള്‍ അന്ന് വന്‍ വാര്‍ത്താപ്രാധാന്യമാണ് നല്‍കിയത്. 

നവംബര്‍ 24ന് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാജ്യത്തെ എല്ലാ പൗരന്മാരും ഭാഗഭാക്കാകണമെന്ന് പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ  ആഹ്വാനം ചെയ്തു. സ്ഥാനാര്‍ത്ഥിയായും വോട്ടര്‍മാരായും ജനാധിപത്യത്തെ പിന്തുണച്ച് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കണം. രാജ്യത്തിന്റെ സുസ്ഥിരഭാവിക്ക്, കഴിവുള്ള, രാജ്യത്തിന്റെ വളര്‍ച്ചക്ക് സഹായിക്കുന്ന സ്ഥാനാര്‍ത്ഥികളെ വോട്ടു ചെയ്ത് വിജയിപ്പിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. 

മുന്‍ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പോസ്റ്റര്‍ പതിപ്പിക്കുന്ന കാര്യത്തിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണയും അത് തുടര്‍ന്നേക്കും..  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ചുമരുകളില്‍ പോസ്റ്റര്‍ പതിപ്പിക്കുവാന്‍ പാടുള്ളതല്ല. അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പതിപ്പിക്കുന്ന പോസ്റ്ററുകള്‍ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികള്‍തന്നെ അത് മാറ്റേണ്ടതാണ്. പോസ്റ്റര്‍ പതിപ്പിക്കുവാന്‍ കെട്ടിവെക്കേണ്ട തുക, പോസ്റ്റര്‍ ചുവരുകളില്‍നിന്ന് നീക്കിയെന്ന് ഉറപ്പു വരുത്തിയാല്‍ മാത്രമേ തിരിച്ചു നല്‍കു. 

അതേസമയം, രാജ്യത്ത് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതോടെ ഏവരും ആഹ്‌ളാദത്തിലാണ്. ബഹ്‌റൈനി കുടുംബങ്ങളും സംഘടനകളും ആഴ്ചയിലൊരിക്കല്‍ സംഘടിപ്പിക്കുന്ന മജ്‌ലിസുകളിലും പ്രചാരണം നടത്തുക പതിവാണ്. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഒരു പൂര്‍ണരൂപമായിട്ടില്ലെങ്കിലും സ്ഥാനാര്‍ത്ഥികളായി സ്വയം പ്രഖ്യാപിച്ചിട്ടുള്ളവര്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായിക്കഴിഞ്ഞു.