മനാമ: ബഹ്റൈന്‍ കേരളീയ സമാജം സ്‌കൂള്‍ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന പ്രൊഫസര്‍ നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവം 2022 ജനുവരി 11 മുതല്‍ 19 വരെ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടത്തും. ഒന്‍പത് രാത്രികളിലായി ഒന്‍പത് നാടകങ്ങള്‍, ബഹറിനിലെ നാടക പ്രേമികള്‍ക്കായി ഒരുങ്ങിയിരിക്കുന്നതായി സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, കലാ വിഭാഗം സെക്രട്ടറി പ്രദീപ് പതേരി, സ്‌കൂള്‍ ഓഫ് ഡ്രാമ കണ്‍വീനര്‍ വിനോദ് വി. ദേവന്‍ എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. 

ഒരു നാടകാവതരണത്തിലൂടെയാണ് ബഹറൈന്‍ കേരളസമാജം 75 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയതെന്നും ഇത്തവണ തുടര്‍ച്ചയായ ഒമ്പത് ദിവസങ്ങള്‍ സമാജം ഡയമണ്ട് ജൂബിലി ഹാള്‍ നാടകങ്ങള്‍ക്ക് മാത്രമായി ഒരുക്കി നിര്‍ത്തുന്നത് നടാടെ ആണെന്നും സമാജം പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ഉദ്ഘാടന ദിവസം ജനവരി 11 ചൊവ്വാഴ്ച രാത്രി 8 മണിക്ക് ബഹ്‌റൈന്‍ കേരളീയ സമാജം പുസ്തകശാല മുഖ്യ പ്രായോജകരായ, ബേബിക്കുട്ടന്‍ കൊയിലാണ്ടിയുടെ സംവിധാനത്തില്‍ അരങ്ങിലെത്തുന്ന നാടകം 'ദി ലാസ്റ് സല്യൂട്ട് '. ജയന്‍ തീരുമന, പ്രെറ്റി റോയ് എന്നിവരാണ് രചയിതാക്കള്‍.

രണ്ടാം ദിനം ജനുവരി 12 ബുധനാഴ്ച ജയന്‍ മേലേത്ത് എഴുതി സംവിധാനം ചെയ്ത നാടകം 'അനര്‍ഘ നിമിഷങ്ങള്‍' അരങ്ങിലെത്തുന്നു. ബഹ്റൈന്‍ പ്രതിഭ റിഫ മേഖലയാണ് നാടകം അണിയിച്ചൊരുക്കുന്നത്.

മൂന്നാം ദിനം ജനുവരി 13 വ്യാഴാഴ്ച കലാകേന്ദ്ര ആര്‍ട്‌സ് സെന്റര്‍ അവതരിപ്പിക്കുന്ന നാടകം 'ഉമ്മീദ്''. രചന സംവിധാനം പ്രജിത് നമ്പ്യാര്‍.

നാലാം ദിനം ജനുവരി 14 വെള്ളിയാഴ്ച വൈഖരി അവതരിപ്പിക്കുന്ന നാടകം 'ദ്രാവിഡപ്പെണ്ണ്'. രചന സംവിധാനം ദീപ ജയചന്ദ്രന്‍ .

അഞ്ചാം ദിനം ജനുവരി 15 ശനി, നാടകം: 'ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കഥ' പ്രദീപ് മണ്ടൂരിന്റെ രചനയില്‍ കൃഷ്ണകുമാര്‍ പയ്യന്നൂര്‍ സംവിധാനം ചെയുന്നു . കോണ്‍വെക്‌സ് മീഡിയ, സഹൃദയ പയ്യന്നൂര്‍ എന്നിവരാണ് നാടകം അണിയിച്ചൊരുക്കുന്നത്.

നാടകോത്സവം ആറാം ദിനം ജനുവരി 16 ഞായര്‍, ബോണി ജോസ് എഴുതി സംവിധാനം ചെയ്തു അരങ്ങിലെത്തുന്നു 'കൂട്ട് ' എന്ന നാടകം.

ഏഴാം ദിവസം, ജനുവരി 17 തിങ്കളാഴ്ച ഔര്‍ ക്ലിക്സും പ്രവാസി ബഹ്റൈനും സംയുക്തമായി അവതരിപ്പിക്കുന്നു, 'അനാമികളുടെ വിലാപം', രചന ഗിരീഷ് പി.സി. പാലം. സംവിധാനം ശ്രീജിത്ത് പറശ്ശിനി. 

ജനുവരി 18 ചൊവ്വാഴ്ച എട്ടാം ദിവസം അരങ്ങിലെത്തുന്നു 'ഐ സീ യു', ജയന്‍ മേലെത്തിന്റെ രചനയില്‍ ഷാഗിത്ത് രമേശിന്റെ സംവിധാനം. 

നാടകോത്സവം അവസാനദിനം, ജനുവരി 19 ബുധനാഴ്ച. ഫിറോസ് തിരുവത്രയുടെ രചനയില്‍ ഹരീഷ് മേനോന്റെ സംവിധാനത്തില്‍ 'അല്‍ അഖിറ' എന്ന നാടകം അരങ്ങിലെത്തുന്നു. 

തികച്ചും കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഗ്രീന്‍ ഷീല്‍ഡ് ഉള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം. ഒന്‍പത് നാടക ഉത്സവരാവുകളിലേക്ക് കൃത്യം എട്ട് മണിക്ക് മുമ്പായി ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലേക്ക്, എല്ലാ നാടക പ്രേമികളുടെയും കല ആസ്വാദകരുടെയും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നതായി ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: പ്രോഗ്രാം കണ്‍വീനര്‍ വിനോത് അളിയത്ത് (3378 2001)