മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2022-ലെ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി. ഇടവക വികാരിയും യുവജനപ്രസ്ഥാനം പ്രസിഡന്റുമായ റവ. ഫാ ബിജു ഫിലിപ്പോസ് അധ്യക്ഷനായ ചടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയും ചെന്നൈ ഭദ്രാസനാധിപനും കോട്ടയം സഹായ മെത്രാപൊലീത്തായുമായ അഭി. ഡോ യുഹാനോന്‍ മാര്‍ ദിയസ്‌കോറോസ് തിരുമേനി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. 

ഇടവക സഹവികാരിയും യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റുമായ റവ. ഫാ കുര്യന്‍ ബേബി, ഇടവക ട്രസ്റ്റീ സാമുവേല്‍ പൗലോസ്, ഇടവക സെക്രട്ടറി ബെന്നി വര്‍ക്കി, ബ്രദര്‍ ജീവന്‍ ജോര്‍ജ്ജ്, ഇടവകയിലെ ഇതര അധ്യാത്മീക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജോയിന്റ് സെക്രട്ടറി സജിനി ക്രിസ്റ്റി വേദവായനയോടെ ആരംഭിച്ച യോഗത്തില്‍ യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ക്രിസ്റ്റി പി വര്‍ഗ്ഗീസ് സ്വാഗതവും യുവജന പ്രസ്ഥാനം ആക്ടിങ് സെക്രട്ടറി ജിനു ചെറിയാന്‍ പുതിയ വര്‍ഷത്തില്‍  നടപ്പിലാക്കുവാന്‍ ആഗ്രഹിക്കുന്ന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത രൂപവും അവതരിപ്പിച്ചു. 

യുവജന പ്രസ്ഥാനം ട്രഷറര്‍ ഷിജു സി ജോര്‍ജ്ജ് കൃതജ്ഞത അറിയിച്ചു. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ ലളിതമായ ഉദ്ഘാടന ചടങ്ങിന് മുഴുവന്‍ കമ്മറ്റി അംഗങ്ങളും നേതൃത്വം നല്‍കി.