മനാമ: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശരാജ്യങ്ങളില്‍നിന്ന് സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഏഴു ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍. 

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റീന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്ന മന്ത്രിയുടെ അറിയിപ്പ് പല കാരണങ്ങളാല്‍ അശാസ്ത്രീയമാണ്. വിദേശങ്ങളില്‍നിന്ന് വരുന്നവരില്‍ ബഹു ഭൂരിപക്ഷവും രണ്ട് വാക്‌സിനുകളും പിന്നെ ബൂസ്റ്ററും സ്വീകരിച്ചവരാണ്.  മാത്രമല്ല ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്നുറപ്പായതിനു ശേഷമാണ് പ്രവാസി യാത്ര ചെയ്യുന്നതെന്നും അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.  

കുറച്ചു ദിവസത്തേക്ക്  മാത്രം നാട്ടില്‍ വരുന്ന പ്രവാസികളെ ഒന്നോ രണ്ടോ ദിവസത്തെ നിരീക്ഷണത്തിന് വിധേയമാക്കി അവര്‍ക്ക് ഏഴ് ദിവസത്തെ അശാസ്ത്രീയ ക്വാറന്റീന്‍ ഒഴിവാക്കുകയാണ് വേണ്ടതെന്നിരിക്കെ, സാമ്പ്രദായിക ക്വാറന്റീന്‍ രീതികളില്‍ കുരുക്കി പ്രവാസികളെ ഇനിയും ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്നും സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.