മനാമ: ബഹ്‌റൈനില്‍ ഫൈസര്‍ ബയോടെക്, ആസ്ട്രാ സെനെക, സ്പുട്‌നിക് വി എന്നിവയില്‍ 18 വയസിന് മുകളിലുള്ള വ്യക്തികള്‍ക്ക് ബൂസ്റ്റര്‍ ഷോട്ട് എടുക്കുതിനുള്ള കാത്തിരിപ്പ് കാലാവധി ആറ് മാസത്തില്‍ നിന്ന് മൂന്ന് മാസമായി കുറച്ചതായി നാഷണല്‍ മെഡിക്കല്‍ ടാസ്‌ക്ഫോഴ്സ് അധികൃതര്‍ അറിയിച്ചു. ഇനിമുതല്‍ കോവിഡ് വാക്സിന്‍ രണ്ടാമത്തേത് സ്വീകരിച്ച് മൂന്ന് മാസത്തിനു ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കാവുന്നതാണ്.

സിനോഫാം വാക്സിന് ഇത് നേരത്തേ തന്നെ മൂന്ന് മാസമായിരുന്നു. കോവിഡ് പ്രതിരോധിക്കുന്നതിനുള്ള ദേശീയ മെഡിക്കല്‍ ടാസ്ക്ഫോഴ്‌സ്, ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് ഹോസ്പിറ്റലിലെ ക്രൗ പ്രിന്‍സ് സെന്റര്‍ ഫോര്‍ ട്രെയിനിംഗ് ആന്റ് മെഡിക്കല്‍ റിസര്‍ച്ചില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവര്‍ക്കു ബൂസ്റ്റര്‍ എടുക്കുന്നതിനുള്ള കാത്തിരിപ്പ് ഒരു വര്‍ഷത്തില്‍ നിന്ന് ആറ് മാസമായി കുറച്ചിട്ടുണ്ട്. യോഗ്യരായ എല്ലാ വ്യക്തികളോടും ബൂസ്റ്റര്‍ ഷോട്ട് എടുക്കാന്‍ ബിഡിഎഫ് ഹോസ്പിറ്റലിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് കസള്‍ട്ടന്റും മൈക്രോബയോളജിസ്റ്റും കൊറോണ വൈറസിനെതിരെ പോരാടുന്നതിനുള്ള നാഷണല്‍ മെഡിക്കല്‍ ടാസ്‌ക്ഫോഴ്സ് അംഗവുമായ ലെഫ്റ്റനന്റ് കേണല്‍ ഡോ മനാഫ് അല്‍ ഖഹ്താനി ആഹ്വാനം ചെയ്തു. 

ബൂസ്റ്റര്‍ ഷോട്ടിന് അര്‍ഹതയുള്ള വ്യക്തികളുടെ വാക്സിനേഷന്‍ സ്റ്റാറ്റസ് ഡിസംബര്‍ 1 മുതല്‍ ഗ്രീന്‍ ഷീല്‍ഡില്‍ നിന്ന് യെല്ലോ ഷീല്‍ഡിലേക്ക്, അവരുടെ ബൂസ്റ്റര്‍ ഷോട്ട് ലഭിക്കുന്നതുവരെ മാറും. വാക്‌സിനേഷനും ബൂസ്റ്റര്‍ ഷോട്ടുകളും സംബന്ധിച്ച് എടുത്ത എല്ലാ തീരുമാനങ്ങളും ഈ വിഷയത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ ആഗോള പഠനങ്ങള്‍ക്ക് പുറമേ ബന്ധപ്പെട്ട അധികാരികള്‍ നടത്തിയ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ക്കുമനുസരിച്ചാണെന്ന് ഡോ. അല്‍ ഖഹ്താനി അഭിപ്രായപ്പെട്ടു.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി കോവിഡ്-19 നിയന്ത്രണങ്ങള്‍ തുടരുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയും കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ മെഡിക്കല്‍ ടാസ്‌ക്ഫോഴ്സ് അംഗവുമായ ഡോ. വലീദ് ഖലീഫ അല്‍ മനിയ പറഞ്ഞു. ടാസ്‌ക് ഫോഴ്സും ബന്ധപ്പെട്ട എല്ലാ അധികാരികളും നിരവധി രാജ്യങ്ങളില്‍ തിരിച്ചറിഞ്ഞിട്ടുള്ള പുതിയ ഒമിക്റോ സ്ട്രെയിന്‍ ഉള്‍പ്പെടെയുള്ള ആഗോള സംഭവവികാസങ്ങളെക്കുറിച്ച് നിരീക്ഷിക്കുന്നുണ്ടെന്ന് ഡോ. അല്‍ മാനിയ എടുത്തുപറഞ്ഞു. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ പൗരന്മാരും രാജ്യത്തെ വിദേശികളും കാണിക്കുന്ന ഉത്തരവാദിത്തത്തെ ഡോ. അല്‍ മനിയ പ്രശംസിച്ചു. ഇത് പ്രതിദിന സജീവ കേസുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി പ്രതിരോധ കുത്തിവയ്പ് എടുക്കുകയും ബൂസ്റ്റര്‍ ഷോട്ട് സ്വീകരിക്കുകയും ചെയ്യുന്നതിനൊപ്പം മുന്‍കരുതല്‍ ആരോഗ്യ നടപടികള്‍ തുടര്‍ന്നും പാലിക്കേണ്ടതിന്റെ പ്രാധാന്യം ഡോ. അല്‍ മനിയ എടുത്തുപറഞ്ഞു. 

വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിലും സജീവമായ കേസുകളുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും സങ്കീര്‍ണതകളും ലഘൂകരിക്കുന്നതിലും വാക്‌സിനേഷനുകളുടെയും ബൂസ്റ്റര്‍ ഷോട്ടുകളുടെയും പ്രാധാന്യം പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് ഡോ. അല്‍ സല്‍മാന്‍ അഭിപ്രായപ്പെട്ടു. ബഹ്റൈനിലെ ജനങ്ങള്‍ പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കുതിനുള്ള തങ്ങളുടെ ദൃഢനിശ്ചയവും പ്രതിബദ്ധതയും ശക്തിപ്പെടുത്തുന്നതായി ഡോ. അല്‍ സല്‍മാന്‍ പറഞ്ഞു. കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിന് രക്ഷിതാക്കളോട് മുന്‍കൈയെടുക്കണമെന്ന് ഡോക്ടര്‍ അല്‍ സല്‍മാന്‍ അഭ്യര്‍ത്ഥിക്കുകയും ഇതിനകം അത് ചെയ്ത മാതാപിതാക്കളോട് നന്ദി പറയുകയും ചെയ്തു. 

കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വൈറസില്‍ നിന്നും അതിന്റെ വകഭേദങ്ങളില്‍ നിന്നും അവരെ സംരക്ഷിക്കുതിനുള്ള പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വാക്‌സിനേഷന്റെ പ്രാധാന്യം ഡോക്ടര്‍ അല്‍ സല്‍മാന്‍ ഊന്നിപ്പറഞ്ഞു. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കുക, ഇടയ്ക്കിടെ കൈ കഴുകുക തുടങ്ങിയ മുന്‍കരുതലുകളും പ്രതിരോധ നടപടികളും തുടർന്നും പാലിക്കേണ്ടതാണ്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി വാക്‌സിനേഷന്‍ എടുക്കേണ്ടതിന്റെയും കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കേണ്ടതിന്റെയും മുന്‍കരുതല്‍ നടപടികള്‍ പാലിക്കേണ്ടതിന്റെയും പ്രാധാന്യം ഡോ. അൽ സൽമാൻ ചൂണ്ടിക്കാട്ടി.