Naredra prasadമനാമ: ബഹ്റൈന്‍ കേരളീയ സമാജം പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരം 2022 ജനുവരി 6, 7, 8, തീയതികളില്‍ സമാജത്തില്‍ സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 

രംഗവേദിയില്‍ അവതരിപ്പിക്കുന്ന വൈകാരികഭാവങ്ങളോട് മുന്നിലിരിക്കുന്ന പ്രേക്ഷകന്‍ സംവദിക്കുമ്പോഴാണല്ലോ ജൈവകലയായ നാടകം സമ്പൂര്‍ണമാകുന്നതും കൂടുതല്‍ ജീവസ്സുറ്റതാകുന്നതും. ഇതേ ആശയത്തോടെയാണ് ബഹ്‌റൈന്‍ കേരളീയ സമാജം സ്‌കൂള്‍ ഓഫ് ഡ്രാമ നടത്തി വരാറുള്ള പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരം ഇത്തവണ 2022 ജനുവരി 6, 7, 8, തീയതികളില്‍ നടത്തുവാന്‍ തീരുമാനിച്ചത് എന്ന് കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരി പറഞ്ഞു.

മത്സരത്തില്‍ പങ്കെടുക്കുന്ന നാടകത്തിന്റെ സ്‌ക്രിപ്റ്റ് ഡിസംബര്‍ 10ന് മുമ്പായി സമാജം ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത് നിബന്ധനകള്‍ കൈപ്പറ്റേണ്ടതാണ്. നിർദിഷ്ട സമയത്തെ ബഹറിനിലെ കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കും നാടകമത്സരം നടത്തുകയെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരി (39283875), സ്‌കൂള്‍ ഓഫ് ഡ്രാമ കൺവീനര്‍ വിനോദ് വി ദേവന്‍ (39189154), പ്രോഗ്രാം കൺവീനര്‍ വിനോദ് അളിയത്ത് (33782001) എന്നിവരുമായി ബന്ധപ്പെടാം.