മനാമ: കെപിസിസിയുടെ പോഷക സംഘടനയായ ഒഐസിസി/ ഇന്‍കാസ് സംഘടനകള്‍ക്ക് മിഡില്‍ ഈസ്റ്റ് കമ്മിറ്റി നിലവില്‍ വന്നു. മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ ആയി ഒമാന്‍ ഒഐസിസിയുടെ മുന്‍ പ്രസിഡന്റും, ഗ്ലോബല്‍ കമ്മറ്റി ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ കുമ്പളത്ത് ശങ്കരപിള്ളയെയും, മിഡില്‍ ഈസ്റ്റ് ജനറല്‍ കൺവീനര്‍ ആയി ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയും, ബഹ്റൈന്‍ ഒഐസിസി മുന്‍ പ്രസിഡന്റുമായ രാജു കല്ലുംപുറത്തെയും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പ്രഖ്യാപിച്ചു. 

ഇന്ത്യക്ക് വെളിയില്‍ ഉള്ള മുന്‍കാല കോൺഗ്രസ് നേതാക്കളുടെയും അനുഭാവികളുടെയും  ഔദ്യോഗിക സംഘടനയാണ് ഒഐസിസി / ഇന്‍കാസ്. ഇവരെ കൂടാതെ മിഡില്‍ ഈസ്റ്റ് കൺവീനര്‍മാരായി അഹമ്മദ് പുളിക്കന്‍, ബിജു കല്ലുമല, കുഞ്ഞി കുമ്പള (സൗദി അറേബ്യ), വര്‍ഗീസ് പുതുക്കുളങ്ങര (കുവൈറ്റ്), അഡ്വ. ആഷിക് തൈക്കണ്ടി, ഇ പി. ജോസന്‍, പി. കെ. മോഹന്‍ദാസ് (യൂ എ ഇ), സമീര്‍ ഏറാമല (ഖത്തര്‍), സജി ഔസേപ്പ് (ഒമാന്‍) എന്നിവര്‍ അടങ്ങുന്ന കമ്മറ്റിയാണ് കെ പി സി സി പ്രസിഡന്റ് പ്രഖ്യാപിച്ചത്.

നിലവിലുള്ള ദേശീയ-റീജണല്‍ കമ്മറ്റികളുടെ നേതൃത്വത്തില്‍ പുതുതായി നോമിനേറ്റ് ചെയ്ത അംഗങ്ങളുടെ മേല്‍നോട്ടത്തില്‍ മെമ്പര്‍ഷിപ്പ് കാമ്പയില്‍ ആരംഭിക്കുക, നിലവില്‍ കമ്മറ്റികള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ കമ്മറ്റികള്‍ രൂപീകരിക്കുക തുടങ്ങിയ ചുമതലകള്‍ ആണ് പുതിയ കമ്മറ്റിക്ക് നല്‍കിയ ഉത്തരവാദിത്തങ്ങള്‍. പരമാവധി കോൺഗ്രസ് മുന്‍കാല പ്രവര്‍ത്തകരെയും, കോൺഗ്രസ് അനുഭാവികളെയും അംഗത്വം നല്‍കി ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായി ഒഐസിസി/ഇന്‍കാസ്നെ ഉയര്‍ത്തുമെന്ന് പുതുതായി ചുമതല ഏറ്റെടുത്ത കുമ്പളത്ത് ശങ്കരപിള്ളയും രാജു കല്ലുംപുറവും അറിയിച്ചു.