മനാമ: സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് കാന്‍സര്‍ കെയര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സ്തനാര്‍ബുദ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു.

സ്തനാര്‍ബുദം നേരത്തെ കണ്ടെത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും അവബോധം നല്‍കുന്നതിനുവേണ്ടി സംഘടിപ്പിച്ച ക്യാമ്പില്‍ വിവിധ ലേബര്‍ ക്യാമ്പുകളില്‍നിന്നുള്ള നൂറിലേറെ വനിതാ തൊഴിലാളികള്‍ പെങ്കടുത്തു. 

കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് (സി.സി.ജി) നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്ന പാര്‍ലമെന്റ് അംഗം മസൂമ ഹസന്‍ അബ്ദുല്‍ റഹീം അഭിനന്ദിച്ചു. അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ സി.ഇ.ഒ. ഡോ. ശരത് ചന്ദ്രന്‍ വിശിഷ്ടാതിഥിയായിരുന്നു. 

കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് പ്രസിഡന്റ് ഡോ. പി.വി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ പെങ്കടുത്ത തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി അഹ്മദ് അല്‍ ഹൈകി സി.സി.ജിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. മന്ത്രാലയത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ സി.സി.ജിയെ ക്ഷണിക്കുകയും ചെയ്തു. 

ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവ ആശംസാ സന്ദേശം അയച്ചു. അല്‍ ഹിലാല്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. രജനി രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഇംഗ്ലീഷിലും ഹിന്ദിയിലും അവര്‍ സ്തനാര്‍ബുദ നിവാരണ മാര്‍ഗങ്ങളെക്കുറിച്ച് ക്ലാസെടുത്തു. നൈന പരിപാടി നിയന്ത്രിച്ചു. 

കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോര്‍ജ് മാത്യു നന്ദി പറഞ്ഞു. മാത്യു ജോര്‍ജ് പരിപാടിയുടെ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍നിന്ന് രക്ത പരിശോധനാ കൂപ്പണ്‍, ഡിസ്‌കൗണ്ട് കാര്‍ഡ്, ഭക്ഷണം എന്നിവയും നല്‍കി.