മനാമ: മത സമൂഹങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ക്ക് പകരം സഹവര്‍ത്തിത്വമാണ് വേണ്ടതെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മുംബൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനിലെത്തിയ അദ്ദേഹം ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു

ബഹ്റൈനില്‍ ഫ്രന്റസ് അസോസിയേഷന്‍ നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തങ്ങളെ കുറിച്ച് അദ്ദേഹം ചോദിച്ചറിയുകയും അവ കൂടുതല്‍ വിപുലപ്പെടുത്താന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. മാനവികതയും സാഹോദര്യവും ഊട്ടിയുറപ്പിക്കാനുതകുന്ന വിവിധ പരിപാടികള്‍ അസോസിയേഷന്‍ സംഘടിപ്പിക്കാറുണ്ടെന്നും അതിന്റെ ഭാഗമായി വിവിധ സമൂഹങ്ങളുമായി ആശയസംവാദങ്ങള്‍ സംഘടിപ്പിക്കാറുണ്ടെന്നും ഫ്രന്റ്സ് ഭാരവാഹികള്‍ പറഞ്ഞു. വിശ്വ മാനവികതയിലൂന്നിയുള്ള സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവരും മുന്നിട്ടിറങ്ങണമെന്ന സന്ദേശമാണ് കൂടിക്കാഴ്ചയിലൂടെ സാധ്യമായത്. 

പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍, വൈസ് പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി, കേന്ദ്ര സമിതിയംഗം നൗമല്‍, ഗഫൂര്‍ മൂക്കുതല, ഫസലുറഹ്മാന്‍ പൊന്നാനി, ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി റവ. ഫാ. ബിജു ഫിലിപ്പോസ് എന്നിവരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.