മനാമ: എസ്.എന്‍.സി.എസില്‍ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച്  വിജയദശമി ദിനത്തില്‍ രാവിലെ നടന്ന വിദ്യാരംഭത്തില്‍ കുരുന്നുകള്‍ ആദ്യക്ഷരം കുറിച്ചു. അഡ്വ: സതീഷ് കുമാര്‍ കുരുന്നുകള്‍ക്ക് ആദ്യക്ഷരം പകര്‍ന്നു നല്‍കി.

ജാതിമത ഭേദമന്യേ നിരവധി കുരുന്നുകള്‍ എസ്.എന്‍.സി.എസില്‍ ആദ്യക്ഷരം കുറിക്കുവാന്‍ എത്തിച്ചേര്‍ന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ എസ്.എന്‍.സി.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും കുടുംബാംഗങ്ങളും വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 

തുടര്‍ന്ന് വൈകുന്നേരം നടന്ന നവരാത്രി മഹോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് കെ. ജി. ബാബുരാജന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. 

എസ്.എന്‍.സി.എസ് ആക്ടിങ് ചെയര്‍മാന്‍ പവിത്രന്‍ പൂക്കോട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍, ജനറല്‍ സെക്രട്ടറി സുനീഷ് സുശീലന്‍ സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി പ്രസാദ് വാസു, കോര്‍ഡിനേറ്റര്‍ ഷൈജു കൂരന്‍, അഡ്വ: സതീഷ് കുമാര്‍ എന്നിവര്‍ ആശംസയും, ജനറല്‍ കണ്‍വീനര്‍ വിപിന്‍ പൂക്കോട്ടി നന്ദിയും പറഞ്ഞു. തുടര്‍ന്ന് സംഗീത കച്ചേരിയും, വിവിധ കലാപരിപാടികളും അരങ്ങേറി.