kmccമനാമ: സംസ്ഥാനം പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അര്‍ഹരായവര്‍ക്ക് പ്രത്യേക പാക്കേജിലൂടെ സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണമെന്ന് ബഹ്‌റൈന്‍  കെ.എം.സി.സി. ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ വെള്ളപ്പൊക്കവും തീവ്രമായ മഴയും കാരണം ഒരുപാട് ജീവനുകള്‍ പൊലിഞ്ഞിരിക്കുകയാണ്.

പല വീടുകളും വെള്ളത്തിന് അടിയിലാണ്. കഴിഞ്ഞ രണ്ടു പ്രളയങ്ങളെന്ന പോലെ ഇപ്രാവശ്യവും കേരളം വളരെ വേദനാജനകമായ ഒരു സാഹചര്യത്തിലൂടെ നീങ്ങി കൊണ്ടിരിക്കുന്ന അനിതര സാധാരണമായ കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്. ഇനിയും പ്രതിസന്ധി രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയില്‍ ഇപ്പോള്‍ തന്നെ 25-ല്‍ കൂടുതല്‍ ആളുകളുടെ ജീവനുകള്‍ നഷ്ടപ്പെട്ടു. പല കുടുംബങ്ങളും വഴിയാധാരമായി. ഈ പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞ കാലങ്ങളിലേതെന്നത് പോലെ ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്നു തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടുന്ന സമയമാണെന്ന് കെ.എം.സി.സി. ബഹ്റൈന്‍ വിലയിരുത്തി.

പ്രളയ കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു കൊള്ളുന്നതായി കെഎംസിസി ബഹ്റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി അസ്സൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.