മനാമ: പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ പ്രിഫെക്‌റ്റോറിയല്‍ കൗണ്‍സില്‍ ജഷന്‍മല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്ഥാനമേറ്റു. ചടങ്ങില്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ്. നടരാജന്‍, സെക്രട്ടറി സജി ആന്റണി, ഇ.സി അംഗങ്ങളായ ബിനു മണ്ണില്‍ വറുഗീസ്, സജി ജോര്‍ജ്, പ്രിന്‍സിപ്പല്‍ വി.ആര്‍.പളനിസ്വാമി, റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, പ്രധാനാധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. 

പതിനൊന്നാം ക്ലാസും പന്ത്രണ്ടാം ക്ലാസും അടങ്ങുന്ന ലെവല്‍ എ-യിലെ ഹെഡ് ബോയ് ആയി ആല്‍വിന്‍ സാം, ഹെഡ് ഗേള്‍ ആയി ആയുഷി ജോജി എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. പത്താം ക്ലാസും ഒന്‍പതാം ക്ലാസും അടങ്ങുന്ന ബി ലെവലില്‍ ഹരിറാം ചെംബ്ര ഹെഡ് ബോയ് ആയും ജോവാന ജെസ് ബിനു  ഹെഡ് ഗേള്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു.

നാലാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികളെ അവരുടെ സംഘടനാപരവും നേതൃത്വപരവുമായ കഴിവുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്തു.

എല്ലാ വിദ്യാര്‍ഥികളെയും ഒരുമിച്ച് കൊണ്ടുവരാന്‍ സഹായിക്കുന്ന സഹകരണ മനോഭാവത്തില്‍ കൗണ്‍സില്‍ അംഗങ്ങള്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്ന് പ്രിന്‍സ് എസ്.നടരാജന്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു. സ്‌കൂള്‍ പ്രവര്‍ത്തനങ്ങളും സേവന പദ്ധതികളും നടപ്പിലാക്കി വിദ്യാര്‍ഥികള്‍ക്ക് നേതൃത്വം വികസിപ്പിക്കാനുള്ള അവസരം നല്‍കുക എന്നതാണ് വിദ്യാര്‍ത്ഥി കൗണ്‍സിലിന്റെ ലക്ഷ്യമെന്ന് സെക്രട്ടറി സജി ആന്റണി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്‌കൂള്‍ പഠനകാലത്ത് നേതൃത്വപരമായ അവസരങ്ങള്‍ ഉണ്ടാവണമെന്നും ചുമതലകള്‍ അവര്‍ ഫലപ്രദമായി ഏറ്റെടുക്കുന്ന കല പഠിക്കേണ്ടത് പ്രധാനമാണെന്നും പ്രിന്‍സിപ്പല്‍ വി.ആര്‍.പളനിസ്വാമി പറഞ്ഞു. റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ തന്റെ സന്ദേശത്തില്‍ ഒരു പ്രിഫെക്റ്റ് ആകുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് നേതൃപാടവം കൈവരിക്കാനുള്ള മികച്ച അവസരമാണെന്ന് പറഞ്ഞു.