മനാമ:ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷനും ദിശ സെന്ററും ചേര്‍ന്ന് നടത്തുന്ന 'പ്രവാചകന്‍: വഴിയും വെളിച്ചവും' കാമ്പയിന്റെ ഭാഗമായി നടത്തിയ സ്‌നേഹസംഗമം മത മൈത്രിയുടെ സാഹോദര്യ വിളംബരമായി. കഥാകൃത്തും നോവലിസ്റ്റുമായ കെ.പി. രാമനുണ്ണി സംഗമം ഉദ്ഘാടനം ചെയ്തു. തന്റെ പ്രതിയോഗികളോട് പോലും കാരുണ്യം കാണിച്ച പ്രവാചകന്‍, മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളോടും സ്‌നേഹവും വാത്സല്യവും കാണിക്കാനാണ്  പഠിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 

ആദര്‍ശത്തില്‍ കാര്‍ക്കശ്യവും മാനവികതയില്‍ ഉദാരതയും എന്നതായിരുന്നു പ്രവാചക സന്ദേശമെന്ന് തുടര്‍ന്ന് സംസാരിച്ച ഡയലോഗ് സെന്റര്‍ സെക്രട്ടറി ജി.കെ. എടത്തനാട്ടുകര പറഞ്ഞു. സംഘര്‍ഷപ്പെടാനല്ല സാഹോദര്യപ്പെടാനാണ് മതങ്ങള്‍ പ്രഘോഷിക്കുന്നതെന്ന് ഫാ.പോള്‍ തേലക്കാടും സ്‌നേഹ സംഗമങ്ങള്‍ മാനവിക സാഹോദര്യം ഉദാത്തമാക്കുമെന്ന് സ്വാമി ഗുരു രത്‌നം ജ്ഞാന തപസ്വിയും അഭിപ്രായപ്പെട്ടു. 

ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ സോമന്‍ ബേബി, ഷാജി കാര്‍ത്തികേയന്‍, എബ്രഹാം ജോണ്‍, ബിനു കുന്നന്താനം, അസൈനാര്‍ കളത്തിങ്കല്‍, ഗഫൂര്‍ കൈപ്പമംഗലം, ഫ്രാന്‍സിസ് കൈതാരത്ത്, ഷെമിലി പി. ജോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹന്നത്ത് നൗഫല്‍, മിന്നത്ത് നൗഫല്‍ എന്നിവരുടെ പ്രാര്‍ഥനാ ഗീതത്തോടെ ആരംഭിച്ച പരിപാടിയില്‍ ഫ്രണ്ട്‌സ് പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍ അധ്യക്ഷത വഹിച്ചു. കാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് ഏറിയാട് സ്വാഗതവും കണ്‍വീനര്‍ ജലീല്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.