മനാമ: പതിനൊന്ന് രാജ്യങ്ങളെ കൂടി റെഡ് ലിസ്റ്റ് പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി ബഹ്റൈന്‍ സിവില്‍ ഏവിയേഷന്‍സ് അധികൃതര്‍ അറിയിച്ചു. കോവിഡിനെതിരെ പോരാടുന്നതിനുള്ള ദേശീയ ടാസ്‌ക്‌ഫോഴ്‌സ് (കോവിഡ് -19) ശുപാര്‍ശകള്‍ക്കനുസൃതമായി സര്‍ക്കാര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളനുസരിച്ചാണ് പ്രഖ്യാപനം. 2021 ഒക്‌ടോബര്‍ 10 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

ഇതോടൊപ്പം റൊമാനിയയെ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിലേക്ക് ചേര്‍ത്തുകൊണ്ട് സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സ് ബഹ്‌റൈനിലെ ലിസ്റ്റ് പുതുക്കിയിട്ടുണ്ട്. റിപ്പബ്ലിക് ഓഫ് സൗത്ത് ആഫ്രിക്ക, റിപ്പബ്ലിക് ഓഫ് നമീബിയ, റിപ്പബ്ലിക് ഓഫ് ഉഗാണ്ട, റിപ്പബ്ലിക് ഓഫ് മൊസാംബിക്, റിപ്പബ്ലിക് ഓഫ് സിംബാബ്‌വേ, റിപ്പബ്ലിക്ക് ഓഫ് മലാവി, പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ബംഗ്ലാദേശ്, റിപ്പബ്ലിക് ഓഫ് മ്യാന്‍മര്‍, റിപ്പബ്ലിക്ക് ഓഫ് ജോര്‍ജിയ, റിപ്പബ്ലിക് ഓഫ് ഇക്വഡോര്‍ എന്നീ രാജ്യങ്ങളെയാണ് ഞായറാഴ്ച മുതല്‍ റെഡ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തത്.

റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിലവിലുള്ള യാത്രാ നിയന്ത്രണങ്ങള്‍ തുടരും. റെഡ് ലിസ്റ്റ് ഇതര രാജ്യങ്ങളില്‍ നിന്നുള്ള വരവിനുള്ള മറ്റെല്ലാ യാത്രാ നടപടികളും നിലവിലുണ്ട്. കോവിഡിനെതിരായ പോരാട്ടത്തിനായി നാഷണല്‍ മെഡിക്കല്‍ ടാസ്‌ക്‌ഫോഴ്സ് നടത്തിയ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് റെഡ് ലിസ്റ്റ് രാജ്യങ്ങള്‍ പരിഷ്കരിക്കുന്നത്.

സെപ്തംബര്‍ 3 മുതല്‍ ഇന്ത്യയടക്കം ഏതാനും രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍നിന്ന് നീക്കം ചെയ്തിരുന്നു. കോവിഡ് കേസുകളുടെ എണ്ണത്തില്‍ വൻ വർധനയെത്തുടർന്നാണ് മെയ് 23 മുതല്‍ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ബഹ്റിനില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നത്.

നിലവിലുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങള്‍: ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് ശ്രീലങ്ക, റിപ്പബ്ലിക് ഓഫ് ടുണീഷ്യ, റിപ്പബ്ലിക് ഓഫ് ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന, റിപ്പബ്ലിക് ഓഫ് സ്ലൊവേനിയ, ഫെഡറല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എത്യോപ്യ, റിപ്പബ്ലിക് ഓഫ് കോസ്റ്റാറിക്ക, റിപ്പബ്ലിക് ഓഫ് ഫിലിപ്പൈന്‍സ്, ഫെഡറല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാള്‍, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍, റിപ്പബ്ലിക് ഓഫ് ഇറാഖ്, ഫെഡറേഷന്‍ ഓഫ് മലേഷ്യ, സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്‌നാം, മംഗോളിയ, ഉക്രെയ്ന്‍, യുണൈറ്റഡ് മെക്‌സിക്കന്‍ സ്റ്റേറ്റ്‌സ്, റൊമാനിയ.