മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം 'ബികെഎസ് അക്ഷയപാത്രം' സൗജന്യ ഭക്ഷണ വിതരണം നടത്തി. സമാജം വനിതാ വിഭാഗം അംഗങ്ങളുടെ വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണത്തിന്റെ ഒരു ഭാഗം ഭക്ഷണപ്പൊതിയാക്കി സമാജത്തില്‍ എത്തിച്ചായിരുന്നു വിതരണം. 

നിർധനരായ ഇരുപത്തഞ്ചോളം പേര്‍ക്കാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്. സമാജം വനിതാ വിഭാഗത്തിന് പുറമെ ഇന്ത്യന്‍ അംബാസഡറുടെ പത്‌നി മോണിക്ക ശ്രീവാസ്തവയുടെ പങ്കും ഉള്‍പ്പെട്ടതായിരുന്നു അക്ഷയപാത്രം. 

സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുത്ത്, ലൈബ്രേറിയന്‍ വിനൂപ് കുമാര്‍, നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് കൺവീനര്‍ രാജേഷ് ചേരാവള്ളി തുടങ്ങിയവര്‍ ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കി.