മനാമ: ഉത്രാടദിനത്തില്‍ ബഹ്റൈന്‍ പ്രതിഭ സംഘടിപ്പിച്ച പഠനോപകരണ സമാഹരണ ക്യാമ്പയിന്‍ 'ഓണമധുരം 2021'ന്റെ ഭാഗമായി പായസ വിതരണം നടത്തി. പ്രതിഭയുടെ നേതൃത്വത്തില്‍ 1500 ലിറ്റര്‍ പ്രഥമനാണ് 2500ല്‍ അധികം വീടുകളിലേക്ക് തയാറാക്കി എത്തിച്ചു നല്‍കിയത്.

കേരളത്തിലെ കുട്ടികളുടെ പഠനോപകരണ സമാഹരണത്തിനുള്ള ക്യാമ്പയിന്‍ പ്രവര്‍ത്തനമായാണ് ഈ പ്രവര്‍ത്തനം സംഘടിപ്പിച്ചത്. മുഴുവന്‍ മനുഷ്യ സ്‌നേഹികളും ഈ ക്യാമ്പയിന്‍ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിഭ ഭാരവാഹികള്‍ അറിയിച്ചു.

പതിമൂവായിരത്തിലധികം ആളുകള്‍ക്ക് കഴിക്കാന്‍ ആവശ്യമായത്രയും പായസം പ്രതിഭ അംഗങ്ങളുടെ നേതൃത്വത്തിലാണ് പാകം ചെയ്തത്. വെള്ളിയാഴ്ച ഉച്ചക്ക് മുമ്പ് തന്നെ മുഴുവന്‍ ആളുകള്‍ക്കും പായസം എത്തിച്ചു നല്‍കാന്‍ സാധിച്ചു. ഈ വലിയ ഉദ്യമത്തിന് അഹോരാത്രം പ്രയത്‌നിച്ച മുഴുവന്‍ പേരെയും അഭിവാദ്യം ചെയ്യുന്നതായി പ്രതിഭ ജനറല്‍ സെക്രട്ടറി എന്‍.വി. ലിവിന്‍കുമാറും വൈസ് പ്രസിഡന്റ് കെ.എം. രാമചന്ദ്രനും അറിയിച്ചു.