മനാമ: 'ഓണം എല്ലാവരുടെയുമാണ്, ഓണം എല്ലാവര്‍ക്കുമാണ്' എന്നീ ആശയങ്ങള്‍ മുന്‍ നിര്‍ത്തി ബഹ്റൈന്‍ കേരളീയ സമാജം മുന്നോട്ടുവെച്ച 'ഓണം ഫോര്‍ ഓള്‍' ക്യാമ്പയിന് പ്രതീക്ഷിച്ചതിലും വലിയ ജനപിന്തുണ ലഭിക്കുന്നതായി സമാജം ഭാരവാഹികള്‍ അറിയിച്ചു. 

കോവിഡ് പ്രതിസന്ധികളില്‍ തളര്‍ന്നd, ജീവിതത്തില്‍ ഇരുള്‍ പരക്കുന്നു എന്ന തോന്നലുമായി ജീവിക്കുന്ന അനേകം പ്രവാസികള്‍ നമ്മുടെ ചുറ്റുപാടും ഉണ്ട്. അവര്‍ക്ക് പുതു പ്രതീക്ഷകള്‍ നല്‍കാനും, ഈ ദുരിതകാലവും കടന്നു പോകും, ഇതിനപ്പുറം നമ്മളെയൊക്കെ കാത്തു ഒരു നല്ലനാളെയുണ്ടെന്ന പ്രതീക്ഷ കൊടുക്കാനുമായി സമാജം വിഭാവനം ചെയ്ത പദ്ധതിയാണ് ഓണം ഫോര്‍ ഓള്‍. താരതമ്യേന കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കും മറ്റു അര്‍ഹതപ്പെട്ട പ്രവാസികള്‍ക്കും വിഭവസമ്പുഷ്ടമായ ഓണസദ്യ എത്തിച്ചു നല്‍കുക വഴി ഓണാഘോഷം എല്ലാവര്‍ക്കും ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ആശയം-സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. 

ഓണം എന്ന മഹത്തായ ആഘോഷത്തിന്റെ അന്തസത്ത അന്യഭാഷാ തൊഴിലാളികളിലേക്കു കൂടി പരിചയപ്പെടുത്തുക എന്ന ആശയവും ഈ പദ്ധതിക്ക് പിന്നിലുണ്ട്. ഈ പദ്ധതിയിലൂടെ അര്‍ഹതപ്പെട്ട മൂവായിരത്തില്‍ പരം ആളുകളിലേക്ക് ഓണസദ്യ എത്തിച്ചു നല്‍കാനാണ് സമാജം പരിശ്രമിക്കുന്നത്. വിപുലമായ വോളന്റീര്‍ കമ്മറ്റിയും മറ്റു ഒരുക്കങ്ങളും ഈ പരിപാടിയുടെ വിജയത്തിനായി അണിയറയില്‍ തയ്യാറായി കൊണ്ടിരിക്കുകയാണ്- സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ പറഞ്ഞു. 

പൊതുജന പിന്തുണയോടെയാണ് ഈ പരിപാടി മുന്‍പോട്ടു നീങ്ങുന്നത്. ഈ ആശയത്തോട് യോജിക്കുന്നവര്‍ക്കു നിശ്ചിത ആളുകള്‍ക്കുള്ള ഓണസദ്യ സ്‌പോണ്‍സര്‍ ചെയ്യാനുള്ള അവസരമുണ്ട്. ഈ പദ്ധതിയെ പിന്തുണക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 38031890 എന്ന വാട്‌സാപ്പ് നമ്പരില്‍ അവരുടെ സഹായം അറിയിക്കാവുന്നതാണ് എന്ന് സമാജം ഭാരവാഹികള്‍ പത്രകുറിപ്പില്‍ അറിയിച്ചു