imageമനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ഓണാഘോഷത്തിന് വെള്ളിയാഴ്ച തിരിതെളിയും. കോവിഡ് മഹാമാരിയുടെ വരവോടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്കൊതുങ്ങിയെങ്കിലും ഓണം എന്ന മലയാളിയുടെ വികാരത്തിനു തെല്ലും ശോഭ ചോരാതെ ആഘോഷിക്കാന്‍ ബഹ്റൈന്‍ കേരളീയ സാമാജം ഒരുങ്ങിയതായി പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 

ആഗസ്ത് 20 വെള്ളിയാഴ്ച തിരിതെളിയുന്ന ആഘോഷ പരിപാടികള്‍ 8 ദിവസം നീണ്ടു നില്‍ക്കും. ആഘോഷ പരിപാടികള്‍ സൂം വഴിയും സമാജത്തിന്റെ ഫെയ്‌സ്ബുക്ക് പേജ് വഴിയും തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടും. മലയാളത്തിന്റെ വാനമ്പാടി ചിത്രയുടെ നേതൃത്വത്തിലുള്ള സംഗീതനിശ, പ്രമുഖ അവതാരകന്‍ രാജ് കലേഷ്, ചിത്ര പൈ, മജീഷ്യന്‍ മൂര്‍ത്തി, ഏരിയല്‍ പെര്‍ഫോര്‍മര്‍ കിഷോര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ലൈവ് ഇന്ററാക്ടിവ് ഷോ, ഓണപ്പാട്ടുകള്‍, തിരുവാതിര, സിനിമാറ്റിക് ഡാന്‍സ്, പായസ മത്സരങ്ങള്‍, പായസ വിതരണം, അംഗങ്ങള്‍ക്കുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ്, മറ്റു കലാപരിപാടികള്‍, എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ആഘോഷ പരിപാടികള്‍.

ആഗസ്ത് 20, വെള്ളി - കൊടിയേറ്റ്, ഓണപ്പാട്ട്, മറ്റു കലാപരിപാടികള്‍.
ആഗസ്ത് 21, ശനി - ഓണം സ്‌പെഷ്യല്‍ പ്രോഗ്രാം
ആഗസ്ത് 22, ഞായര്‍ - ടിക് ടിക് മത്സരം, ഓണപ്പുടവ മത്സരം
ആഗസ്ത് 23, തിങ്കള്‍ - ബി.കെ.എസ്. നാദബ്രഹ്മത്തിന്റെ ആഭിമുഖ്യത്തില്‍ സംഗീത നിശ
ആഗസ്ത് 24, ചൊവ്വ - ആരവം നാടന്‍ പാട്ടു സംഘത്തിന്റെ നാടന്‍ പാട്ടുകള്‍
ആഗസ്ത് 25, ബുധന്‍ - തിരുവാതിര മത്സരം, സിനിമാറ്റിക് ഡാന്‍സ് മത്സരം
ആഗസ്ത് 26, വ്യാഴം - ഓണം പ്രത്യേക പരിപാടി, അവതരണം: പ്രമുഖ ടി.വി. അവതാരകന്‍, രാജ്കലേഷും സംഘവും
ആഗസ്ത് 27, വെള്ളി രാവിലെ 10 മണിമുതല്‍ പായസ വിതരണം (മുന്‍കൂട്ടി ബുക്ക് ചെയ്ത സമാജം അംഗങ്ങള്‍ക്ക് മാത്രം)
ആഗസ്ത് 27, വെള്ളി വൈകീട്ട് 'ഗൃഹാതുരതയുടെ ഓണം', മലയാളത്തിന്റെ വാനമ്പാടി ചിത്രയുടെ കൂടെ ലൈവ് സംഗീതനിശ.

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരും കൂടുതല്‍ വ്യവരങ്ങള്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ക്കും ശ്രാവണം 2021 കണ്‍വീനര്‍ ദിലീഷ് കുമാറുമായി (39720030) ബന്ധപ്പെടാവുന്നതാണ്. പരിപാടികളുടെ കൂടുതല്‍ വിവരങ്ങളും, ഓണ്‍ലൈന്‍ ലിങ്കുകളും, മത്സരങ്ങളുടെ നിയമാവലിയും വരും ദിവസങ്ങളില്‍ ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ഒഫീഷ്യല്‍ ഫേസ്ബുക് പേജില്‍ ലഭ്യമാകും എന്നും ഭാരവാഹികള്‍ അറിയിച്ചു.