മനാമ: ബഹ്റൈന്‍ പ്രതിഭ, ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ആഗസ്ത് 15 രാവിലെ 75 പ്രതിഭ പ്രവര്‍ത്തകര്‍ രക്തദാനം നടത്തി. തുടര്‍ന്ന് വൈകിട്ട് ഇന്ത്യ-സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചു വര്‍ഷങ്ങള്‍ എന്ന പേരില്‍ ഓണ്‍ലൈനില്‍ സംഘടിപ്പിച്ച പരിപാടി കേരള നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.

കേവല ആഘോഷങ്ങളില്‍ ഒതുക്കാവുന്ന ഒന്നല്ല സ്വാതന്ത്ര്യ ദിനാഘോഷം എന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു. നൂറുകണക്കിന് നാട്ടുരാജ്യങ്ങളായി ചിതറി കിടന്നിരുന്ന ഇന്ത്യ, ആധുനിക ജനാധിപത്യ രാഷ്ട്രമായി രൂപം കൊണ്ടത് സ്വാതന്ത്ര്യ സമരത്തിലൂടെയാണ്. നമ്മുടെ ഭരണഘടനയും സ്വാതന്ത്ര്യ സമരത്തിലൂടെ ഉയര്‍ന്നുവന്ന ആശയങ്ങളുടെയും മൂല്യസംഹിതകളുടെയും ഒരു മൂര്‍ത്തരൂപമാണ്. എങ്ങനെ സ്വാതന്ത്ര്യ സമരസേനാനികളുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെയും സ്വപ്നങ്ങള്‍ പ്രാവര്‍ത്തികമാക്കി രാജ്യത്തെ ജനാധിപത്യവും മതനിരപേക്ഷതയും പരമാധികാരവും സംരക്ഷിച്ചു മുന്നോട്ടുപോകാം എന്ന ചോദ്യമാണ് സ്വാതന്ത്ര്യത്തിന്റെ മുക്കാല്‍ നൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ നാം മുന്നോട്ട് വയ്‌ക്കേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിഭ ജനറല്‍ സെക്രട്ടറി എന്‍.വി. ലിവിന്‍കുമാര്‍ സ്വാഗതം പറഞ്ഞ പരിപാടിക്ക് പ്രതിഭ വൈസ് പ്രസിഡന്റ് കെ എം രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഐസിആര്‍ഫ് ചെയര്‍മാന്‍ ഡോ: ബാബു രാമചന്ദ്രന്‍, പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, പ്രതിഭ രക്ഷാധികാരി സമിതി അംഗം എവി അശോകന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.