മനാമ: സി.ബി.എസ്.ഇ. പത്താം ക്‌ളാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ബഹ്‌റൈനിലെ സ്‌കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. ഇന്ത്യന്‍ സ്‌കൂള്‍, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍, ഏഷ്യന്‍ സ്‌കൂള്‍, ന്യൂ മില്ലിനിയം സ്‌കൂള്‍, അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഇബ്‌ന് അല്‍ ഹൈത്തം ഇസ്ലാമിക് സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ബഹ്‌റൈനില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത് ഇന്ത്യന്‍ സ്‌കൂളിലാണ്. പരീക്ഷയെഴുതിയ 815 വിദ്യാര്‍ത്ഥികളും വിജയിച്ചു.

500 ല്‍ 494 മാര്‍ക്ക് (98.8%) നേടിയ ഗുഗന്‍ മേട്ടുപ്പാളയം ശ്രീധര്‍ സ്‌കൂളില്‍ ഒന്നാമതെത്തി. ഇത് പത്താം ക്ലാസ് പരീക്ഷയില്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണ്. 493 മാര്‍ക്ക് നേടിയ വീണ കിഴക്കേതില്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍ 500 ല്‍ 488 മാര്‍ക്ക് നേടിയ മാനസ മോഹനും ഹിമ പ്രശോഭും മൂന്നാം സ്ഥാനം പങ്കിട്ടു. 112 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും 'എ' ഗ്രേഡ് നേടി. 15 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി, അക്കാദമിക ചുമതലയുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് ഖുര്‍ഷിദ് ആലം, മറ്റു ഇ സി അംഗങ്ങള്‍ എന്നിവര്‍ ജേതാക്കളെ അഭിനന്ദിച്ചു.

മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച പ്രിന്‍സ് നടരാജന്‍, സ്‌കൂളിന് മികച്ച പിന്തുണ നല്‍കിയ രക്ഷിതാക്കളോടും അധ്യാപകരോടും നന്ദി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച നേട്ടങ്ങള്‍ കൈവരിക്കാനുള്ള അന്തരീക്ഷം നല്‍കുകയെന്ന ലക്ഷ്യത്തോടെ അശ്രാന്തമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്‌കൂള്‍ നേടിയ വിജയത്തില്‍  പങ്കാളികളായ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ സെക്രട്ടറി സജി ആന്റണി അഭിനന്ദിച്ചു. അക്കാദമിക്ക് ടീമിന്റെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സംയുക്ത പരിശ്രമമാണ് പ്രശംസനീയമായ പ്രകടനം സാധ്യമാക്കിയതെന്നു പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി പറഞ്ഞു. 

ന്യൂ മില്ലിനിയം സ്‌കൂളില്‍ പരീക്ഷയെഴുതിയ 149 വിദ്യാര്‍ത്ഥികളും വിജയിച്ചു. 84 വിദ്യാര്‍ത്ഥികള്‍ 90 ശതമാനത്തിലേറെ മാര്‍ക്കു വാങ്ങിയപ്പോള്‍ 141 വിദ്യാര്‍ത്ഥികള്‍ക്ക് ഡിസ്റ്റിങ്ഷന്‍ ലഭിച്ചു. ഗീതിക രാജന്‍ 99.6 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്കും ലക്ഷ്മി മേഘ്‌ന കേസലപള്ളി 99.2 ശതമാനം മാര്‍ക്കോടെ രണ്ടാം റാങ്കും റിതിക രാജ്കുമാര്‍ 98.2 ശതമാനം മാര്‍ക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി. വിജയികളെയും രക്ഷകര്‍ത്താക്കളെയും അദ്ധ്യാപകരെയും സ്‌കൂള്‍ ചെയര്‍മാന്‍ പദ്മശ്രീ ഡോ. രവി പിള്ളയും മാനേജിംഗ് ഡയറക്ടര്‍ ഗീതാ പിള്ളയും പ്രിന്‍സിപ്പാള്‍ അരുണ്‍ കുമാര്‍ ശര്‍മ്മയും അനുമോദിച്ചു. 

ഏഷ്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 199 വിദ്യാര്‍ത്ഥികളും വിജയിച്ചു. 98.2 ശതമാനം മാര്‍ക്കു വാങ്ങി കൃതിക കുമാര്‍ ഒന്നാം റാങ്കും അനിരുദ്ധ് ബിജയ്, സാജ് ചൗധരി എന്നിവര്‍ 97.8 ശതമാനം മാര്‍ക്കോടെ രണ്ടാം റാങ്കും 97.2 ശതമാനം മാര്‍ക്കു ലഭിച്ച അദ്വൈത നായര്‍ മൂന്നാം റാങ്കും നേടി. വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും രക്ഷിതാക്കളേയും സ്‌കൂള്‍ മാനേജ്‌മെന്റ് അഭിനന്ദിച്ചു.

അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു. 97.4 ശതമാനം മാര്‍ക്കോടെ സൂഫിയ ഷാബര്‍ ഗൊല്‍ഷാനി ഒന്നാം റാങ്കും 97.2 ശതമാനം മാര്‍ക്കോടെ കല്യാണി കവിത രണ്ടാം റാങ്കും 94.8 ശതമാനം മാര്‍ക്കോടെ വിവിയന്‍ മേഴ്‌സി ഷാജു, അലക്‌സ് മാത്യു എന്നിവര്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. വിജയികളെയും രക്ഷകര്‍ത്താക്കളെയും അദ്ധ്യാപകരെയും സ്‌കൂള്‍ ചെയര്‍മാന്‍ അലി ഹസ്സനും ഡയറക്ടര്‍ ഡോ. മുഹമ്മദ് മഷൂദും പ്രിന്‍സിപ്പാള്‍ അമീന്‍ മുഹമ്മദ് അഹമ്മദ് ഹെലെയ്‌വയും അഭിനന്ദിച്ചു.  

ഇബ്‌ന് അല്‍ ഹൈത്തം ഇസ്ലാമിക് സ്‌കൂളില്‍ പരീക്ഷയെഴുതിയ 121 പേരും വിജയിച്ചു. 95.2 ശതമാനം മാര്‍ക്കോടെ ഫാത്തിമ വഫ ഒന്നാം റാങ്കും മുഹമ്മദ് സാഹില്‍ അബീദി, മാസൂമ മുഹമ്മദ് ബഷീര്‍, ഇര്‍ഫാന്‍ ഹബീബ് എന്നിവര്‍ 94.6 ശതമാനം മാര്‍ക്കോടെ രണ്ടാം റാങ്കും 94.4 ശതമാനം മാര്‍ക്കോടെ അഫ്ഹം ഹലീമ മൂന്നാം റാങ്കും കരസ്ഥമാക്കി. വിജയികളെ സ്‌കൂള്‍ ചെയര്‍മാന്‍ ഷഖീല്‍ അഹമ്മദ് ആസ്മിയും പ്രിന്‍സിപ്പാള്‍ ഡോ. മുഹമ്മദ് തയ്യബും അനുമോദിച്ചു.