മനാമ: ബഹ്‌റൈനില്‍ പത്തു ലക്ഷത്തിലേറെപ്പേര്‍ക്ക് പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ് ലഭ്യമാക്കിയ ബഹ്‌റൈന്‍ സര്‍ക്കാരിനെ ഇന്ത്യന്‍ അംബാസഡര്‍ പിയുഷ് ശ്രീവാസ്തവ അഭിനന്ദിച്ചു. മനാമയെ ലോകാരോഗ്യ സംഘടന 'ഹെല്‍ത്ത് സിറ്റി 2021' ആയി പ്രഖ്യാപിച്ചതും അഭിനന്ദനാര്‍ഹമാണ്. ഈ ബഹുമതി ലഭിച്ച മിഡില്‍ ഈസ്റ്റ് മേഖലയിലെ ആദ്യത്തെ തലസ്ഥാന നഗരമാണ് മനാമ. ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച വെര്‍ച്വല്‍ ഓപ്പണ്‍ ഹൗസില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ അംബാസഡര്‍.

ഇന്ത്യന്‍ സമൂഹവുമായി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അംബാസഡര്‍ നേരിട്ട് സംവദിക്കുന്ന മാസം തോറുമുള്ള പരിപാടിയാണ് ഓപ്പണ്‍ ഹൗസ്. വിവിധ കാരണങ്ങളാല്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാന്‍ കഴിയാത്ത ഇന്ത്യന്‍ സമൂഹത്തിനായുള്ള പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവിനുള്ള ബഹ്‌റൈന്‍ സര്‍ക്കാരിന്റെ പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. രാജ്യത്തിന്റെ കോവിഡ് ഉപദേശവും പ്രോട്ടോക്കോളുകളും പിന്തുടരാനും അതുപോലെ തന്നെ പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതിലും സ്വന്തം സുരക്ഷയ്ക്കായും രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനും അംബാസഡര്‍ ഇന്ത്യന്‍ സമൂഹത്തോട് അഭ്യര്‍ഥിച്ചു.

പ്രതിരോധ കുത്തിവയ്പ്പിനായി രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവരോട് എംബസിയില്‍ https://forms.gle/pMT3v1g3o4yVgnES8 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാനും അംബാസഡര്‍ ആവശ്യപ്പെട്ടു: എംബസിയുടെ വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയകളിലും ലിങ്ക് ലഭ്യമാണ്. 

ഇന്ത്യയിലെ ഗണ്യമായി മെച്ചപ്പെട്ട കോവിഡ് അവസ്ഥയെക്കുറിച്ച് അംബാസഡര്‍ വിശദീകരിച്ചു. പ്രതിദിന അണുബാധ 40,000 ലേക്ക് കുത്തനെ കുറഞ്ഞു; രോഗമുക്തി നിരക്ക് 97 ശതമാനത്തില്‍ എത്തി. പ്രതിരോധ കുത്തിവെപ്പ് 450 ദശലക്ഷം കവിഞ്ഞു. ഇന്ത്യന്‍ സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് നമ്പറിനൊപ്പം ക്യൂ.ആര്‍. കോഡ് അടങ്ങിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളും കുത്തിവയ്പ് ചെയ്ത ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കുന്നുണ്ട്. പ്രത്യേകിച്ച് കോവിഷീല്‍ഡ്, അസ്ട്രാസെനെക വാക്‌സിന്‍ ഉപയോഗിച്ച് ബുദ്ധിമുട്ടുകളില്ലാത്ത യാത്രയ്ക്ക് സഹായകരമാകുമെന്നും അംബാസഡര്‍ അറിയിച്ചു. 

മധു, മുഹമ്മദ് ഖാലിദ് എന്നിവരുടെ കേസുകള്‍ വിജയകരമായി പരിഹരിച്ചതിനും നാല് വീട്ടുജോലിക്കാരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചയച്ചതിനും ഇന്ത്യന്‍ അസോസിയേഷനുകള്‍ക്ക് പ്രത്യേകിച്ച് ഐസിആര്‍എഫ്, വേള്‍ഡ് എന്‍ആര്‍ഐ കൗണ്‍സില്‍, എടിഎം എന്നിവയ്ക്കും അംബാസഡര്‍ നന്ദി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളെക്കുറിച്ച് അംബാസഡര്‍ വിശദീകരിച്ചു.

ഓഗസ്റ്റ് 15 ന് രാവിലെയും വൈകുന്നേരവും നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ അസോസിയേഷനുകളോടും കമ്മ്യൂണിറ്റി അംഗങ്ങളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതിനുള്ള ലിങ്കുകളും വിശദാംശങ്ങളും സോഷ്യല്‍ മീഡിയകളില്‍ പങ്കിടും. ഓപ്പണ്‍ ഹൗസില്‍ അവതരിപ്പിക്കപ്പെട്ട ഏതാനും പരാതികള്‍ പരിഹരിച്ചു, മറ്റുള്ളവ എത്രയും വേഗം ഏറ്റെടുക്കും. ഓപ്പണ്‍ ഹൗസില്‍ സജീവമായി പങ്കെടുത്തതിന് എല്ലാ ഇന്ത്യന്‍ അസോസിയേഷനുകള്‍ക്കും കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കും അംബാസഡര്‍ നന്ദി പറഞ്ഞു.