മനാമ: സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ സേവന വിഭാഗമായ വെല്‍കെയര്‍ ബഹ്‌റൈനും മുഹറഖ് മലയാളി സമാജവും കൈകോര്‍ത്തപ്പോള്‍ കോവിഡ് പ്രതിസന്ധി മൂലം ദുരിതപര്‍വ്വത്തിലായ കുടുംബത്തിന് ആശ്വാസം. കോവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടമാവുകയും നാട്ടില്‍ ക്യാന്‍സര്‍ രോഗിയായ മാതാവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തേണ്ടി വരികയും ചെയ്ത യുവാവിനും കുടുംബത്തിനും വേണ്ടിയാണ് വെല്‍കെയര്‍ ബഹ്‌റൈനും മുഹറഖ് മലയാളി സമാജവും കൈകോര്‍ത്തത്.

നാട്ടില്‍ ഒറ്റയ്ക്കായിപ്പോയ ക്യാന്‍സര്‍ രോഗിയായ മാതാവിന്റെ ചികിത്സക്ക് പണം കണ്ടെത്തേണ്ട സാഹചര്യത്തില്‍ ദൈനംദിന ജീവിത ചിലവുകളും താമസ സ്ഥലത്തിന്റെ വാടകയും നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ ഫ്‌ലാറ്റിന്റെ വാടക കുടിശ്ശിക തീര്‍ക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാനും വെല്‍കെയര്‍ രംഗത്ത് വരികയായിരുന്നു.

തൊഴില്‍ രംഗത്തെ  അനിശ്ചിതത്വത്തില്‍ ഗൃഹനാഥന്‍ നാട്ടില്‍ പോകേണ്ടി വന്നതോടെ മക്കളെ കൂടി നാട്ടില്‍ എത്തിക്കാന്‍ മുഹറഖ് മലയാളി സമാജവും സാമൂഹിക പ്രവര്‍ത്തകനായ നാസര്‍ മഞ്ചേരിയുടെ നേതൃത്വത്തില്‍ ഐ സി ആര്‍ എഫും കൈകോര്‍ത്തതോടെ കാര്യങ്ങള്‍ക്ക് വേഗത വരികയും കഴിഞ്ഞ ദിവസം കുട്ടികള്‍ സുഖമായി നാട്ടിലെത്തുകയും ചെയ്തു. തങ്ങളുടെ പ്രയാസത്തില്‍ ഒപ്പം നിന്ന വെല്‍കെയര്‍ ബഹ്‌റൈനും മുഹറഖ് മലയാളി സമാജത്തിനും മറ്റ് സുമനസുകളോടും ഉള്ള നന്ദിയും കടപ്പാടും കുടുംബം രേഖപ്പെടുത്തി.