മനാമ: മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റും, നിലമ്പൂര്‍ നിയോജകമണ്ഡലം യൂ ഡി എഫ് സ്ഥാനാര്‍ഥിയുമായിരുന്ന വി വി പ്രകാശിന്റെ നിര്യാണത്തില്‍ ബഹ്‌റൈനിലെ പ്രവാസി സംഘടനകള്‍ അനുശോചിച്ചു. അഡ്വ. വി വി പ്രകാശ് സൗമ്യതയും, മാന്യതയും മുഖമുദ്ര ആക്കിയ നേതാവ് ആയിരുന്നു എന്ന് ബഹ്റൈന്‍ ഒഐസിസി അഭിപ്രായപ്പെട്ടു.

കെ എസ് യൂ വിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം പൊതു പ്രവര്‍ത്തകര്‍ മാതൃക ആക്കേണ്ട വ്യക്തിത്വത്തിന് ഉടമയായിരുന്നു. പ്രവര്‍ത്തകര്‍ക്ക് പ്രാപ്യനായ നേതാവ് ആയിരുന്നു. ജനിച്ചു വളര്‍ന്ന നാട്ടില്‍ ജനപ്രതിനിധി ആകണം എന്ന് ആഗ്രഹിച്ചിരുന്നു. ആ സ്വപ്നം യഥാര്‍ഥ്യമാകുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ആണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. 

രാഷ്ട്രീയ സത്യസന്ധതയും, ജീവിത വിശുദ്ധിയും കാത്ത് പുലര്‍ത്തിയ ഗാന്ധിയന്‍ ആയ നേതാവ് ആയിരുന്നു വി വി പ്രകാശ് എന്ന് ബഹ്റൈന്‍ ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു.
2019 ല്‍ ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി നടത്തിയ ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ അദ്ദേഹം ബഹ്റൈന്‍ സന്ദര്‍ശിച്ചിരുന്നു. 

മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന വിവി പ്രകാശിന്റെ ആകസ്മിക വിയോഗത്തില്‍ കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ആദര്‍ശം കൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ജനപ്രിയനായിരുന്ന വിവി പ്രകാശിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് തന്നെ തീരാനഷ്ടമാണെന്ന് കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

നിലമ്പൂരില്‍ വന്‍ വിജയം നേടുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം. കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്ന അദ്ദേഹം സാധാരണക്കാരുടെ ശബ്ദമായാണ് പ്രവര്‍ത്തിച്ചത്. മറ്റ് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് പോലും സ്വീകാര്യനായ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായും നേതാക്കള്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

മലപ്പുറം ജില്ലാ ഡിസി സി പ്രസിഡണ്ട് വി .വി പ്രകാശിന്റെ ദേഹ വിയോഗത്തില്‍ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അസോസിയേഷന്‍ പ്രസിഡണ്ട് ചെമ്പന്‍ ജലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വെബിനാറില്‍ രക്ഷധികാരി നാസര്‍ മഞ്ചേരി, ജനറല്‍ സെക്രട്ടറി പ്രവീണ്‍ മേല്പത്തൂര്‍, മുഹമ്മദ് അലി, ദിലീപ്, കരീം, ശരീഫ്, മനോജ്, പ്രകാശന്‍, രവി, മജീദ്, രഞ്ജിത്ത്, മണി, മന്‍ഷീര്‍, ബാലന്‍, സലാം, ഖല്‍ഫാന്‍, ആദില്‍ എന്നിവര്‍ അനുശോചിച്ചു.

മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ആയിരുന്ന അഡ്വ.വി വി പ്രകാശിന്റെ ആകസ്മിക നിര്യാണത്തില്‍ ഐ വൈ സി സി അനുശോചിച്ചു. അദ്ദേഹത്തിന്റെ മരണം കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് തീരാ നഷ്ടമാണ്. നിസ്വാര്‍ത്ഥ പ്രവര്‍ത്തകനും കോണ്‍ഗ്രസിലെ സൗമ്യനായ നേതാക്കളില്‍ പ്രമുഖനും ആയിരുന്നു അദ്ദേഹം എന്ന് ഐ വൈ സി സി പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി എബിയോണ്‍ അഗസ്റ്റിന്‍, ട്രഷറര്‍ നിതീഷ് ചന്ദ്രന്‍ എന്നിവര്‍ പ്രസ്താവനയിലൂടെ പറഞ്ഞു.