മനാമ: ഉപയോഗിച്ച പാഠപുസ്തകങ്ങളും ഗൈഡുകളും ശേഖരിച്ച് അവ ആവശ്യമുള്ള കുട്ടികള്‍ക്ക് വിതരണം ചെയ്തുവന്നിരുന്ന ഇന്‍ഡക്‌സ് ബഹ്റൈന്റെ പദ്ധതി ഈ വര്‍ഷവും തുടരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഇന്‍ഡകസിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് പുസ്തക വിതരണം നടന്നുവരുന്നത്.

മുന്‍കാലങ്ങളില്‍ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വെച്ച് വളരെ വിപുലമായ രീതിയില്‍ വിതരണം നടത്തിയിരുന്നു. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത രക്ഷിതാക്കളെ പരസ്പരം ബന്ധപ്പെട്ടുത്തിയും അല്ലാത്തവ നേരിട്ട് ശേഖരിച്ചും വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. വളരെ കുറച്ചു മാത്രമാണ് പുസ്തകങ്ങള്‍ നല്‍കുവാന്‍ സമ്മതം അറിയിച്ചിട്ടുള്ളത് എന്നത് അല്‍പം പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഭാരവാഹികള്‍ പറയുന്നു.

ഇതുവരെ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ രക്ഷിതാക്കളെയും ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്. പുസ്തകങ്ങള്‍ ആവശ്യപ്പെട്ട മിക്കവാറും പേർക്ക് നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ പുസ്തകങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് ഇനിയും സഹായിക്കുവാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്‍ഡക്‌സ് ബഹ്റൈന്‍ പ്രതിനിധി റഫീക്ക് അബ്ദുള്ളയും സാനി പോളും പറഞ്ഞു. ബഹ്റൈനിലെ നിരവധി സംഘടനകളും അതിന്റെ നേതൃത്വവും പതിവു പോലെ ഈ വര്‍ഷവും സഹകരിച്ചിട്ടുണ്ട്. അവരോട് നന്ദിയുണ്ടെന്നും അവർ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്‍ഡക്‌സ് ബഹ്റൈന്‍ തുടങ്ങിവെച്ച ഈ പദ്ധതി ഇന്ന് പല സഘടനകളും സോഷ്യല്‍ മീഡിയ കൂട്ടായ്മകളും ചെയ്യുന്നുണ്ട്. പുസ്തകങ്ങള്‍ വാങ്ങിക്കുവാനുള്ള കുട്ടികള്‍ക്ക് ഒരു സഹായകരമാവുകയും പുസ്തകങ്ങള്‍ ഉപയോഗശൂന്യമായി ആര്‍ക്കും ഉപകാരമില്ലാത്ത കെട്ടികിടക്കുന്ന രീതി മാറി പ്രകൃതി സംരക്ഷണത്തില്‍ കൂടി എല്ലാവരും ഭാഗഭാക്കുകളാവുന്നു എന്നതില്‍ വലിയ അഭിമാനമുണ്ടെന്നും അവർ പറഞ്ഞു.

ഇനിയും പുസ്തകങ്ങള്‍ നല്‍കുവാന്‍ താല്പര്യമുള്ളവര്‍ ഇന്ത്യന്‍ ക്ലബ്ബില്‍ നേരിട്ട് ഏല്‍പ്പിക്കുകയോ ഇന്‍ഡക്‌സ് ഭാരവാഹികളായ സാനി പോള്‍ (39855197) അജി ഭാസി (33170089) അനീഷ് വര്‍ഗ്ഗീസ് (39899300) നവീന്‍ നമ്പ്യാര്‍ (39257781) എന്നിവരെ ബന്ധപ്പെടുകയോ ഇന്‍ഡക്‌സ് വെബ്സൈറ്റില്‍ www.indexbahrain.com ല്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യണം. പുസ്തകങ്ങള്‍ ആവശ്യമുള്ളവര്‍ക്കും ഇതേ രീതിയില്‍ ബന്ധപ്പെടാവുന്നതാണെന്നും ഇന്‍ഡക്‌സ് ഭാരവാഹികള്‍ അറിയിച്ചു.