മനാമ: കോവിഡ് മഹാമാരി അടിച്ചേല്‍പ്പിച്ച സാമൂഹിക അകലത്തിന്നും ആകുലതകള്‍ക്കുമിടയിലും, നിരവധിയായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ്, ബഹ്‌റൈന്‍ കേരളീയ സമാജം നടത്തിയത്. ഇപ്പോള്‍ സാമൂഹിക അകല നിയന്ത്രണങ്ങള്‍ക്കിടയിലും, സമാജം അംഗങ്ങള്‍ക്കും അസോസിയേറ്റ് മെമ്പര്‍മാര്‍ക്കും ഒത്തുചേരാനുള്ള അവസരമൊരുക്കുന്നു.

മാര്‍ച്ച് 19 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ 8.30 മണി വരെ, മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്കും അസോസിയേറ്റ് അംഗങ്ങള്‍ക്കും മാത്രമായി, പ്രശസ്ത ഗായകന്‍ കല്ലറ ഗോപനും പുത്രി നാരായണിയും നയിക്കുന്ന ഗാനമേള ഉള്‍പ്പെടെയുള്ള നിരവധി പരിപാടികളുമായി *ഓണ്‍ലൈന്‍ മെമ്പേഴ്‌സ് നൈറ്റ് സംഘടിപ്പിക്കുന്നതായി സമാജം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രശസ്ത അവതാരകനായ രാജ് കലേഷിന്റെ സാന്നിധ്യവും, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്ക് സമാജം വളണ്ടിയര്‍മാര്‍ വീട്ടില്‍ എത്തിച്ചു നല്‍കുന്ന അത്താഴവും പരിപാടിയുടെ ആകര്‍ഷണങ്ങള്‍ ആയിരിക്കും.

മാര്‍ച്ച് 16ന് മുമ്പായി, ബഹ്‌റൈന്‍ കേരളീയ സമാജം ഫേസ്ബുക്ക് പേജില്‍ ഉള്ള ഓണ്‍ലൈന്‍ മെമ്പേഴ്‌സ് നൈറ്റ് രജിസ്‌ട്രേഷന്‍ ലിങ്ക് അമര്‍ത്തി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന അംഗങ്ങള്‍ക്കാണ് ഈ പരിപാടിയില്‍ സംബന്ധിക്കാന്‍ കഴിയുകയെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, മെമ്പര്‍ഷിപ്പ് സെക്രട്ടറി ശരത് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബന്ധപ്പെടാനുള്ള നമ്പര്‍ 39019935/39234535/38808739/66331816