
മനാമ: ഇന്ത്യയുടെ 72-മത് റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പരേഡില്‍ കേരള ഫ്‌ലോട്ടിനോടൊപ്പം കോഴിക്കോടിന്റെ വാദ്യവും രാജ്പഥില്‍ മുഴങ്ങും. കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശിയും ബഹ്‌റൈന്‍ സോപാനം വാദ്യകലാസംഘം ഗുരുനാഥനുമായ സന്തോഷ് കൈലാസ് ഇത്തവണ കേരളത്തെ പ്രതിനിധീകരിച്ച് വാദ്യത്തിന് പങ്കെടുക്കും. പരേഡില്‍ പങ്കെടുക്കാനായി ക്ഷണം ലഭിച്ച സന്തോഷ് ബഹ്‌റൈനില്‍ നിന്നും ഡല്‍ഹിയിലെത്തി ആര്‍മി ക്യാമ്പില്‍ പരിശീലനത്തിലാണ്.
കേരളത്തിലെ 14 ജില്ലകളിലും ശിഷ്യസമ്പത്തുള്ള സന്തോഷ് കഴിഞ്ഞ 14 വര്‍ഷമായി ബഹ്‌റൈനിലാണ്. കേരളീയ വാദ്യകലക്ക് വിദേശമണ്ണില്‍ വലിയ രീതിയിലുള്ള പ്രചാരം നല്‍കുന്ന ബഹ്‌റൈന്‍ സോപാനം വാദ്യകലാ സംഘത്തിന് നേതൃത്വം നല്‍കുന്ന സന്തോഷ് പ്രശസ്ത കഥകളി ആചാര്യനായ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ ബന്ധു കൂടിയാണ്. പ്രശസ്ത കലാകാരന്മാരായ കാഞ്ഞിലശ്ശേരി പത്മനാഭന്‍, സദനം വാസുദേവന്‍, തിച്ചുര്‍ മോഹനന്‍, അമ്പലപ്പുഴ വിജയകുമാര്‍ എന്നിവരുടെ കീഴില്‍ ചെണ്ട, തിമില, ഇടയ്ക്ക, സോപാനസംഗീതം എന്നിവ അഭ്യസിച്ച സന്തോഷ് കഴിഞ്ഞ 26 വര്‍ഷമായി വാദ്യരംഗത്ത് പ്രവര്‍ത്തിക്കുന്നു.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തവണ കേരളത്തിന് പരേഡില്‍ അവസരം ലഭിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഏറെ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ പരേഡ്. അതുകൊണ്ട് തന്നെ കലാകാരന്മാരുടേയും കാണികളുടേയും എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഓരോ സംസ്ഥാനത്ത് നിന്നും 12 വീതം കലാകാരന്മാരാണ് തിരഞ്ഞെടുക്കപ്പെട്ടത്. 17 സംസ്ഥാനങ്ങളുടേയും തിരഞ്ഞെടുക്കപ്പെട്ട വകുപ്പുകളുടേയും ദൃശ്യങ്ങളാണ് ഇക്കുറി പരേഡിന് മാറ്റുകൂട്ടുക.'ക്വയര്‍ ഓഫ് കേരള' എന്നതാണ് ഇത്തവണത്തെ കേരളത്തിന്റെ ദൃശ്യവിഷയം. കേരളത്തില്‍ നിന്നുള്ള 12 കലാകാരന്മാര്‍ ഒരുക്കുന്ന വാദ്യമേളവും തെയ്യക്കോലങ്ങളുമാണ് കേരളത്തിന്റെ ഫ്‌ലോട്ടിനോടൊപ്പം അണിനിരക്കുക. ഇന്‍ഫര്‍മേഷന്‍ പബ്ലിക്-റിലേഷന്‍ വകുപ്പിനാണ് നേതൃത്യം.