മനാമ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍ എം.പി. അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള സോളാര്‍ കേസ് ഭരണം അവസാനിക്കുന്ന അവസാന സമയത്ത് സി.ബി.ഐയെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത് രാഷ്ട്രീയ പ്രേരിതമാണെന്ന് ഐ.വൈ.സി.സി.
അഞ്ചുവര്‍ഷം തലങ്ങും വിലങ്ങും സംസ്ഥാന പോലീസ് അന്വേഷണം നടത്തി യാതൊരു തെളിവും കിട്ടാതെ ഇരുന്ന കേസ് പരാതിക്കാരി സി.ബി.ഐ. അന്വേഷണം വേണമെന്നു അഭ്യര്‍ഥിച്ചു കൊണ്ട് സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ പൊടുന്നനെ ഉത്തരവിട്ടത് നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്- ഐ.വൈ.സി.സി. ആരോപിച്ചു.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം കേന്ദ്രസര്‍ക്കാറിന്റെ പകപോക്കലാണെന്ന് പറഞ്ഞ അതെ ആളുകള്‍ തന്നെയാണ് സോളാറില്‍ സ്വന്തം അന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടുകളില്‍ വിശ്വാസം പോരാതെ ഇപ്പോള്‍ സി.ബി.ഐയെ സമീപിക്കുന്നത്. ഇതു മനസ്സിലാക്കാന്‍ കേരള ജനതയ്ക്കാകുമെന്നും ഐ.വൈ.സി.സി. പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി എബിയോന്‍ അഗസ്റ്റിന്‍, ട്രഷറര്‍ നിതീഷ് ചന്ദ്രന്‍ എന്നിവര്‍ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.