മനാമ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ധനസഹായം എല്ലാ അപേക്ഷകര്‍ക്കും ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പ്രവാസികളെ വിശ്വാസത്തിലെടുക്കണമെന്നും കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി.

കൊവിഡ് കാരണം ദുരിതത്തിലായ പ്രവാസികള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ച ഏക ആശ്വാസ പ്രഖ്യാപനമാണ് നോര്‍ക്കയുടെ ധനസഹായം. എന്നാല്‍ നിലവില്‍ എഴുപതിനായിരത്തിലധികം അപേക്ഷകള്‍ നോര്‍ക്ക തള്ളിയതായാണ് അറിയുന്നത്. ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ പേര്‍ക്കും നല്‍കാതെ ഭാഗികമായി വിതരണം ചെയ്തത് ശരിയായ നടപടിയല്ലെന്നും എല്ലാവര്‍ക്കും തുക ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ പറഞ്ഞു.

വിസാ സ്റ്റാറ്റസ് നോക്കിയാണ് പല അപേക്ഷകളും തള്ളിയതെന്നാണ് അറിയാന്‍ കഴിയുന്നത്. ഇത് പ്രവാസികളെ രണ്ടാം പൗരന്മാരായി കാണുന്നുവെന്നതിന്റെ ഉദാഹരണമാണ്. പ്രഖ്യാപിച്ച ധനസഹായം നല്‍കാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിലൂടെ ശ്രമിക്കുന്നത്. കഴിഞ്ഞ മെയ് മാസം നല്‍കിയ അപേക്ഷകളില്‍ അഞ്ച് മാസം കഴിഞ്ഞാണ് അടിയന്തര ധനസഹായത്തിനുള്ള നടപടികള്‍ നോര്‍ക്ക കൈക്കൊണ്ടത്. എന്നിട്ടും അപേക്ഷകളിലും വേര്‍തിരിവ് കാണിച്ച് ധനസഹായം നല്‍കുന്നതില്‍ വിമുഖത കാണിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.

ലോക്ക്ഡൗണ്‍ കാരണം അക്ഷയ കേന്ദ്രങ്ങളോ മറ്റ് സാങ്കേതിക സൗകര്യങ്ങളോ ഇല്ലാത്തവര്‍ വളരെ പ്രയാസപ്പെട്ടാണ് ധനസഹായത്തിന് അപേക്ഷ നല്‍കിയത്. പലരും ഹെല്‍പ്പ് ഡെസ്‌ക്ക് മുഖാന്തിരവും മറ്റുമാണ് അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നത്. ഇക്കാര്യം പരിഗണിക്കാതെയാണ് അപേക്ഷകള്‍ അപൂര്‍ണമാണെന്ന് പറഞ്ഞ് എഴുപതിനായിരത്തോളം പേരെ നോര്‍ക്ക ഒഴിവാക്കിയത്. ഇത്രയുമാളുകളുടെ അപേക്ഷ അപൂര്‍ണമാണെന്ന നേര്‍ക്കയുടെ വാദം അവിശ്വസനീയമാണ്. അതിനാല്‍ തന്നെ അപേക്ഷ തള്ളാനുള്ള കാരണം നേര്‍ക്ക അധികൃതര്‍ പ്രവാസികള്‍ക്ക് മുന്നില്‍ വ്യക്തമാക്കണം. കൂടാതെ ധനസഹായം ലഭിക്കാത്തവര്‍ വീണ്ടും അപേക്ഷിക്കണമെന്ന നോര്‍ക്കയുടെ തീരുമാനം ദുരിതത്തിലായ പ്രവാസികളെ കടുത്ത ദുരിതത്തിലാക്കുന്നതാണ്. വീണ്ടും അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വീണ്ടും പൈസ ചെലവാക്കേണ്ടി വരുമെന്നും ഇക്കാര്യങ്ങല്‍ മനസ്സിലാക്കി എല്ലാ അപേക്ഷകര്‍ക്കും ധനസഹായം ലഭ്യമാക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും നേതാക്കള്‍ പറഞ്ഞു.