ദോഹ:  കരാര്‍ നിലനില്‍ക്കേ തന്നെ മറ്റൊരു തൊഴിലിലേക്കു എളുപ്പത്തില്‍ മാറുന്നത് ഉള്‍പ്പെടെ കൂടുതല്‍ പ്രവാസി സൗഹൃദ നടപടികളുമായി ഖത്തര്‍. എളുപ്പത്തിലുള്ള തൊഴില്‍ മാറ്റം, മിനിമം വേതനം, തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരാത്തവര്‍ക്കും എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന കരട് നിയമങ്ങള്‍ക്ക് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ നൂറാം വാര്‍ഷികാഘോഷ ചടങ്ങില്‍ തൊഴില്‍ മന്ത്രി യൂസുഫ് ബിന്‍ മുഹമ്മദ് അല്‍ ഉസ്മാന്‍ അല്‍ ഫഖ്റു ആണ് ഇക്കാര്യം അറിയിച്ചത്. 

കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രവാസി തൊഴിലാളികള്‍ക്ക് അനുകൂലമായി നിരവധി പുതിയ നിയമങ്ങള്‍ നിര്‍മിക്കുകയും നിലവിലുള്ളവ പരിഷ്‌കരിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു. തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരാത്തവര്‍ക്കും എക്സിറ്റ് പെര്‍മിറ്റ് ആവശ്യമില്ലെന്ന നിയമം വീട്ടുജോലിക്കാര്‍ക്കും മറ്റും പ്രയോജനപ്രദമാവും. ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടനെ നിയമം നടപ്പില്‍ വരുമെന്ന് മന്ത്രി വ്യക്തമാക്കി. ഖത്തര്‍ ഭരണവികസന തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം ഐഎല്‍ഒയുമായി സഹകരിച്ചാണ് കത്താറയില്‍ വാര്‍ഷികാഘോഷ പരിപാടി സംഘടിപ്പിച്ചത്. 

വേതന സുരക്ഷാ സംവിധാനം, തൊഴില്‍ തര്‍ക്ക പരിഹാര സമിതി, വര്‍ക്കേഴ്സ് സപ്പോര്‍ട്ട്  ആന്റ് ഇന്‍ഷുറന്‍സ് ഫണ്ട്, സ്പോണ്‍സര്‍ഷിപ്പ് സംവിധാനം ഒഴിവാക്കല്‍, എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കല്‍ തുടങ്ങിയ നിരവധി നിയമങ്ങള്‍ ഖത്തര്‍ നടപ്പാക്കിയതായി മന്ത്രി ചൂണ്ടിക്കാട്ടി. മനുഷ്യക്കടത്തിനെതിരായ ദേശീയ സമിതി സ്ഥാപിച്ച കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു. 

ഐഎല്‍ഒയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഖത്തര്‍ മൂന്ന് നാണയങ്ങള്‍ പുറത്തിറക്കി. തൊഴില്‍ മേഖലയില്‍ ഖത്തര്‍ നടപ്പാക്കുന്ന പിരിഷ്‌കരണങ്ങളെ ഐഎല്‍ഒ ഫീല്‍ഡ് ഓപറേഷന്‍സ് ആന്റ് പാര്‍ട്ണര്‍ഷിപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മൂസ് ഉമറു അഭിനന്ദിച്ചു. 

മിനിമം വേതനം ഉറപ്പാക്കുന്ന നിയമവും കരാര്‍ കാലത്ത് തന്നെ തൊഴില്‍ മാറ്റം എളുപ്പമാക്കുന്ന നിയമവും സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് പുതിയ നിയമം പ്രയോജനപ്രദമാവുമെന്നാണു പ്രതീക്ഷിക്കുന്നത്.