മനാമ: ഒമാനില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എ.സി.സി) വെസ്റ്റേണ്‍ റീജിയന്‍ ടൂര്‍ണമെന്റിനുള്ള ബഹ്റൈന്‍ ദേശീയ അണ്ടര്‍ 16 ക്രിക്കറ്റ് ടീമിലേക്ക് രണ്ടു ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ഓം ഉമേഷ് ചന്ദ്ര, ഹാനിയേല്‍ ആസിര്‍ റോബര്‍ട്ട് എന്നിവരാണ് ദേശീയ ടീമില്‍ ഇടം പിടിച്ചത്. 

ഒക്ടോബര്‍ 20 മുതല്‍ 30 വരെ ഒമാന്‍ തലസ്ഥാനനഗരമായ മസ്‌കറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി ഒക്ടോബര്‍ 18 നു ടീം പുറപ്പെടും. ഏഷ്യയിലെ വെസ്റ്റേണ്‍ റീജിയനില്‍ നിന്നുള്ള എട്ട് രാജ്യങ്ങള്‍ രണ്ട് ഗ്രൂപ്പുകളായി ടൂര്‍ണമെന്റില്‍ മത്സരിക്കും.

സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ഒമാന്‍, കുവൈറ്റ്, ഇറാന്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളാണ് ബഹ്‌റൈനൊപ്പം മത്സരത്തില്‍ പങ്കെടുക്കുന്നത്. ബഹ്റൈന്‍ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി, സ്‌കൂള്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ മേധാവി സൈകത്ത് സര്‍ക്കാര്‍ എന്നിവര്‍ അഭിനന്ദിച്ചു.